News

ബിറ്റ്കോയിന്റെ ദീര്‍ഘകാല ലക്ഷ്യവില പ്രവചനം ഇങ്ങനെ

ബിറ്റ്കോയിന്റെ ദീര്‍ഘകാലയളവിലേക്കുള്ള ലക്ഷ്യവില പ്രവചിച്ച് പ്രശസ്ത ക്രിപ്റ്റോ നിക്ഷേപകനും ബിറ്റ്ഏഞ്ചല്‍സ് സഹസ്ഥാപകനുമായ മൈക്കല്‍ ടെര്‍പിന്‍. ഒരു അഭിമുഖത്തിനിടെയുള്ള ഈ പ്രവചനമാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സികളുടെ ഭാവിയില്‍ ആത്മവിശ്വാസമുണ്ട്. എന്നാല്‍ ഉയര്‍ന്ന പണപ്പെരുപ്പം നേരിടുന്ന എല്‍-സാല്‍വഡോറും അര്‍ജന്റീനയും ക്രിപ്റ്റോയിലേക്ക് മാറിയത് ഈ മേഖലയ്ക്ക് വെല്ലുവിളിയാകാം. എങ്കിലും ക്രിപ്റ്റോ കറന്‍സികളുടെ പക്വതയാര്‍ജിച്ചാല്‍ അമേരിക്കക്കും ജി-20 രാജ്യങ്ങള്‍ക്കും യൂറോപ്പിനും വികസ്വര രാജ്യങ്ങളിലുള്ള സ്വാധീനം കുറയുമെന്നും മൈക്കല്‍ ടെര്‍പിന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ പ്രകടമായ ക്രിപ്റ്റോ വളര്‍ച്ചയെ അനുകൂലമായി നോക്കിക്കാണുന്നു. ഇന്ത്യന്‍ ജനതയുടെ വിശാലതയും വൈവിധ്യവും ക്രിപ്റ്റോ കറന്‍സികളെ ജനപ്രിയമാക്കി മാറ്റാന്‍ സഹായിച്ചേക്കാമെന്നും മൈക്കല്‍ ടെര്‍പിന്‍ വ്യക്തമാക്കി.

'ക്രിപ്റ്റോ ലോകം വളരെയേറെ പരിവര്‍ത്തനങ്ങളിലൂടെ കടന്നു പോകുകയാണ്. 2011-ല്‍ ബിറ്റ്കോയിനിന്റെ വില വെറും 5 യുഎസ് ഡോളര്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് അത് 50,000 ഡോളറിലേക്ക് എത്തിയിരിക്കുന്നു. അടുത്ത 10 വര്‍ഷത്തിനകം ബിറ്റ്കോയിനിന്റെ വില 5,00,000 ഡോളറാകും. അടുത്ത 20 കൊല്ലത്തിനുളളില്‍ ലോക ജനസംഖ്യയുടെ പകുതി പേരും ക്രിപ്റ്റോ കറന്‍സികളിലാവും ഇടപാട് നടത്തുക'. അഭിമുഖത്തില്‍ മൈക്കല്‍ ടെര്‍പിന്‍ ബിറ്റ് കോയിനിന്റെ ഭാവി സാധ്യതകളെ കുറിച്ച് മറുപടി പറഞ്ഞതിങ്ങനെയായിരുന്നു.

ക്രിപ്റ്റോ കറന്‍സികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്‍ വിലത്തകര്‍ച്ചയെ നേരിടുകയാണ്. കഴിഞ്ഞ ദിവസം 8,725 യുഎസ് ഡോളറിന്റെ നഷ്ടമാണ് കിപ്‌റ്റോ കറന്‍സികളില്‍ ഏറ്റവും ജനകീയവും മൂല്യമേറിയതുമായ ബിറ്റ് കോയിനില്‍ രേഖപ്പെടുത്തിയത്. നിലവില്‍ 49,247-ലാണ് ബിറ്റ് കോയിന്‍ വ്യപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം, ഒരു ഘട്ടത്തില്‍ ബിറ്റ് കോയിന്‍ 42,000 യുഎസ് ഡോളറിലേക്ക് വരെ കൂപ്പുകുത്തിയിരുന്നു. ഇക്കഴിഞ്ഞ മേയ് 15-നു ശേഷം ബിറ്റ് കോയിനിലുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയായിരുന്നു ഇത്. 2021 നവംബര്‍ 10-ന് രേഖപ്പെടുത്തിയ 69,000 യുഎസ് ഡോളറാണ് നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന വില.

News Desk
Author

Related Articles