News

സെപ്തംബറില്‍ റീട്ടെയില്‍ വാഹന വില്‍പന ഇടിഞ്ഞു; 10.24 ശതമാനം ഇടിവ് രേഖപ്പെടുത്തി

മുംബൈ: സെപ്തംബറില്‍ രാജ്യത്തെ റീട്ടെയില്‍ വാഹന വില്‍പനയില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2019 സെപ്തംബറിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ റീട്ടെയില്‍ വാഹന വില്‍പനയില്‍ ഉണ്ടായിരിക്കുന്നത് 10.24 ശതമാനത്തിന്റെ ഇടിവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹന വിപണിയുടെ ഭാവി എന്തായിരിക്കും എന്ന ആശങ്ക കൂട്ടുന്നതാണ് ഈ കണക്കുകള്‍. ഫാക്ടറികളില്‍ നിന്നുള്ള വാഹന വിതരണം 20 ശതമാനം കൂടിയെന്ന റിപ്പോര്‍ട്ടുകള്‍ വലിയ പ്രതീക്ഷയായിരുന്നു മുന്നോട്ട് വച്ചിരുന്നത്.

എന്തായാലും ഓഗസ്റ്റിനെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയാണ് സെപ്തംബറില്‍ വാഹന വിപണിയ്ക്കുണ്ടായിട്ടുള്ളത്. 27 ശതമാനം ഇടിവായിരുന്നു ഓഗസ്റ്റിലെ വില്‍പനയില്‍ ഉണ്ടായിരുന്നത്. വളരെ പതുക്കെ മാത്രമേ വിപണി തിരികെയെത്തുകയുള്ളൂ എന്ന സൂചന നല്‍കുന്നതായിരുന്നു ആ കണക്കുകള്‍.

ഇരുചക്ര വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പനയില്‍ 2019 സെപ്തംബറിനെ അപേക്ഷിച്ച് 12.62 ശതമാനത്തിന്റെ ഇടിവാണ് ഇത്തവണ ഉണ്ടായത്. എന്നാല്‍ ഏറ്റവും വലിയ ഇടിവ് ഉണ്ടായത് മൂച്ചക്ര വാഹനങ്ങളുടെ വില്‍പനയിലും കാരിയര്‍ വാഹനങ്ങളുടെ വില്‍പനയിലും ആണ്. മുച്ചക്ര വാഹന വില്‍പനയില്‍ 58. 86 ശതമാനം ആണ് ഇടിവ്. കാരിയര്‍ വാഹനങ്ങളുടെ വില്‍പനയില്‍ ഇത് 33.65 ശതമാനം ആണ്.

എന്നാല്‍ ഈ പ്രതിസന്ധിയിലും നേട്ടമുണ്ടാക്കിയ റീട്ടെയില്‍ വാഹന വില്‍പനയും ഉണ്ട്. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയില്‍ 9.81 ശതമാനം വര്‍ദ്ധനയുണ്ടായി. ട്രാക്ടര്‍ സെഗ്മെന്റിലാണ് ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റീട്ടെയില്‍ വില്‍പനയില്‍ 80.39 ശതമാനം ആണ് വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. മൊത്തത്തിലുള്ള റീട്ടെയില്‍ വാഹന വില്‍പന ഇടിവ് 10.24 ശതമാനവും. കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത് വാഹന വിപണിയെ ആയിരുന്നു. സാവധാനത്തിലെങ്കിലും, വിപണിയില്‍ തിരിച്ചുവരവുണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

News Desk
Author

Related Articles