News

ബിപിസിഎല്ലിന്റെ ഓഹരി വില്‍പ്പന: ടെന്‍ഡര്‍ സമര്‍പ്പിക്കാനുളള തീയതി നീട്ടി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരി വില്‍പ്പന സംബന്ധിച്ച ടെന്‍ഡര്‍ സമര്‍പ്പിക്കാനുളള തീയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. നവംബര്‍ 16 ആണ് പുതിയ തീയതി. ഇത് നാലാം വട്ടമാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുളള തീയതി സര്‍ക്കാര്‍ നീട്ടുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും തീയതി നീട്ടിയത്.

മാര്‍ച്ച് ഏഴിനാണ് എണ്ണക്കമ്പനിയുടെ വില്‍പ്പന സംബന്ധിച്ച ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചത്. ആദ്യ വിജ്ഞാപന അനുസരിച്ച് മേയ് രണ്ട് വരെ താല്‍പര്യപത്രം സമര്‍പ്പിക്കാമായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 13, ജൂലൈ 31, സെപ്റ്റംബര്‍ 30 എന്നിങ്ങനെ സമയപരിധി കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് നീട്ടിയിരുന്നു.

ബിപിസിഎല്ലില്‍ സര്‍ക്കാരിനുളള 52.98 ശതമാനം ഓഹരിയും വിറ്റഴിക്കാനാണ് തീരുമാനം. ഈ ഓഹരികള്‍ക്ക് ഏകദേശം 42,000 കോടി രൂപയ്ക്കടുത്ത് മൂല്യം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 1000 കോടി ഡോളര്‍ ആസ്തി മൂല്യമുളള കമ്പനികള്‍ക്കാണ് ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ ലേല നിബന്ധനകള്‍ പ്രകാരം അവകാശം.

കൊച്ചി, മുംബൈ, ബിന (മധ്യപ്രദേശ്) തുടങ്ങിയ സ്ഥലങ്ങളിലെ ബിപിസിഎല്ലിന്റെ റിഫൈനറികള്‍ ഉള്‍പ്പെടെയാണ് കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. അസമിലെ നുമാലി?ഗഡ് റിഫൈനറിയെ ഇടപാടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് മറ്റ് ഏതെങ്കിലും പൊതുമേഖല എണ്ണക്കമ്പനിക്ക് കൈമാറുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ലേല നടപടികളില്‍ പങ്കെടുക്കാന്‍ അവകാശമില്ല. പൊതുമേഖല  എണ്ണക്കമ്പനിയുടെ ഓഹരി വില്‍പ്പന ഈ സാമ്പത്തിക വര്‍ഷം തന്നെ നടത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

Author

Related Articles