News

കുതിപ്പിനൊടുവില്‍ കിതച്ച് ബിപിഎല്‍ ഓഹരി വില

ഓഹരി വിപണിയില്‍ കുതിപ്പിനൊടുവില്‍ ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ ബിപിഎല്ലിന്റെ ഓഹരി വില കുത്തനെ താഴോട്ടേക്ക്. മൂന്നുദിവസത്തിനിടെ 15 ശതമാനത്തോളമാണ് ഓഹരി വില ഇടിഞ്ഞത്. ചൊവ്വാഴ്ച 176 രൂപ തൊട്ട ഓഹരി വിലയാണ് മൂന്നുദിവസങ്ങള്‍ക്കകം 144.35 രൂപയായി കുറഞ്ഞത്. 52 ആഴ്ചക്കിടെയുള്ള ബിപിഎല്ലിന്റെ ഏറ്റവും ഉയര്‍ന്ന വിലയും ഇതായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 26 ന് 32 രൂപയുണ്ടായിരുന്ന ബിപിഎല്ലിന്റെ ഓഹരി വില രണ്ട് മാസത്തിനുള്ളിലാണ് 5.5 മടങ്ങ് വര്‍ധിച്ച് 176 രൂപയിലെത്തിയത്. നിക്ഷേപകര്‍ക്ക് മികച്ച നേട്ടവും ഈ ഓഹരി നേടിക്കൊടുത്തിട്ടുണ്ട്. ഉല്‍പ്പന്ന നിര്‍മാണവുമായി ബന്ധപ്പെട്ട് റിലയന്‍സുമായി ധാരണയുണ്ടാക്കിയതിന് പിന്നാലെയാണ് ബിപിഎല്ലിന്റെ ഓഹരി കുതിക്കാന്‍ തുടങ്ങിയത്. ബിപിഎല്‍ ബ്രാന്‍ഡിന് കീഴില്‍ റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാനാണ് ഇരുകമ്പനികളും ധാരണയിലായത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള റിലയന്‍സ് റിറ്റെയ്ല്‍ ബിപിഎല്‍ ബ്രാന്‍ഡിന് കീഴിലുള്ള ഉപകരണങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്നതിനുള്ള അനുമതി തേടിയിരുന്നു. ബിപിഎല്‍ ബ്രാന്‍ഡിന് കീഴില്‍ എസി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ടെലിവിഷന്‍, ബള്‍ബ്, ഫാന്‍ തുടങ്ങിയ നിര്‍മിച്ച് വില്‍ക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. കൂടാതെ, പുതിയ ഉല്‍പ്പന്നങ്ങളും ഈ ബ്രാന്‍ഡിന് കീഴില്‍ നിര്‍മിക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നുണ്ട്. റിലയന്‍സ് ഓഫ്ലൈന്‍, ഓണ്‍ലൈന്‍ തുടങ്ങിയവയിലൂടെയായിരിക്കും ഈ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന.

Author

Related Articles