News

പരസ്യത്തിന് മാത്രം പൊടിക്കാന്‍ പോകുന്നത് 20,000 കോടി; ഉത്സവ സീസണില്‍ പുത്തന്‍ മാര്‍ക്കറ്റിങ് തന്ത്രവുമായി കമ്പനികള്‍; വിപണിയിലെ തിരിച്ചടിയില്‍ നിന്നും മുന്‍നിര ബ്രാന്‍ഡുകള്‍ കരകയറുമോ?

മുംബൈ: കനത്ത മഴയും പ്രളയവും മുതല്‍ സാമ്പത്തിക രംഗത്തെ തളര്‍ച്ച വരെ രാജ്യത്തെ ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളുടെ വിപണിയെ സാരമായി ബാധിച്ചിരിക്കുന്ന വേളയിലാണ് പുത്തന്‍ പരസ്യങ്ങളിലൂടെ വിപണി കീഴടക്കാന്‍ മുന്‍നിര ബ്രാന്‍ഡുകള്‍ രംഗത്തെത്തിയിരിക്കുന്നത്. 2018നെ അപേക്ഷിച്ച് 10 മുതല്‍ 12 ശതമാനം വരെ അധിക തുക പരസ്യത്തിനായി ഉപയോഗിക്കാനാണ് നീക്കം. ഇത്തരത്തില്‍ ഏകദേശം 20,000 കോടി രൂപയാകും കമ്പനികള്‍ ഒഴുക്കുക എന്നാണ് വിവരം. ഗണേഷ് ചതുര്‍ത്ഥി, ഓണം, ദസറ, ദീപാവലി എന്നീ ഉത്സവങ്ങള്‍ എത്തുന്ന സെപ്റ്റംബര്‍- ഒക്ടോബര്‍ സീസണില്‍ വില്‍പന വര്‍ധപ്പിക്കുകയാണ് ലക്ഷ്യം.

ടെലിവിഷന്‍ പരസ്യം മുതല്‍ റേഡിയോ, പ്രിന്റ്, ഔട്ട്‌ഡോര്‍, മറ്റ് ഡിജിറ്റല്‍ മീഡിയോ പ്ലാറ്റ്‌ഫോം എന്നിവയിലൂടെയാകും പരസ്യങ്ങള്‍ നല്‍കുക.  രാജ്യത്തെ പരസ്യ കമ്പനികള്‍ക്ക് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന സമയമാണ് ഉത്സവ സീസണുകള്‍. നിലവില്‍ വിപണിയില്‍ ഇടിവാണ് നേരിടുന്നതെങ്കിലും ഏതെങ്കിലും തരത്തില്‍ പരസ്യങ്ങളുടെ താരിഫ് കുറയ്ക്കാന്‍ പരസ്യകമ്പനികള്‍ തയാറാകില്ല. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് എന്നീ ന്യൂ ഏജ് ഡിജിറ്റല്‍ കമ്പനികള്‍ വന്നതിന് പിന്നാലെ പരസ്യ മേഖലയ്ക്ക് മികച്ച വളര്‍ച്ചയാണുണ്ടായത്. ഇതിനു പിന്നാലെ എഫ് എംസിജി, വാഹന വിപണി, ജ്വല്ലറി എന്നീ മേഖലകളിലും പരസ്യങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 

വമ്പന്‍ കിഴിവ് നല്‍കിയിട്ടും രാജ്യത്തെ ടെലിവിഷന്‍ വില്‍പന താഴേയക്ക് തന്നെയെന്ന് ഏതാനും ആഴ്ച്ച മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് വരെ വില്‍പന 20 ശതമാനത്തിലേറെ താഴേയ്ക്ക് പോയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജാപ്പനീസ് കമ്പനിയായ പാനാസോണിക്ക് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍-ജൂണ്‍ പാദത്തിലാണ് വില്‍പന ആശങ്കാപരമായി കുറഞ്ഞത്. രാജ്യത്ത് മഴ കനത്തതും മിക്ക സംസ്ഥാനങ്ങളിലും പ്രളയമടക്കമുള്ള പ്രശ്നങ്ങളുണ്ടായതും വിപണിസെ സാരമായി ബാധിച്ചുവെന്ന് വ്യാപാരികള്‍ പറയുന്നു.

എന്നാല്‍ എയര്‍ കണ്ടീഷണര്‍, റഫ്രിജറേറ്റര്‍ എന്നിവയുടെ വില്‍പന വേനല്‍ക്കാലത്ത് ഉയര്‍ന്നിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ എല്‍സിഡി എല്‍ഇഡി ടിവികളാണ് വിപണി കൈയ്യടക്കിയിരിക്കുന്നത്. വാഹന മേഖല മുതല്‍ എഫ്എംസിജി  മേഖല വരെ വില്‍പനയില്‍ തിരിച്ചടി നേരിട്ടിരിക്കുന്ന വേളയിലാണ് ഇലക്ട്രോണിക്സ് മേഖലയും വില്പന കുറയുന്നുവെന്ന ആശങ്ക പങ്കുവെക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ 32 ഇഞ്ച് ടിവി സെറ്റുകളുടെ ജിഎസ്ടി നിരക്ക് സര്‍ക്കാര്‍ കുറച്ചിരുന്നു. മാത്രമല്ല ചൈനീസ് കമ്പനിയായ ഷവോമിയില്‍ നിന്ന് വരെ ശക്തമായ മത്സരം നേരിട്ടതിനെ തുടര്‍ന്ന് മറ്റ് കമ്പനികള്‍ വില കുറച്ചിരുന്നു.

Author

Related Articles