News

ബ്രെക്‌സിറ്റ്; ഇന്ന് നിര്‍ണായക വോട്ടെടുപ്പ്; ബ്രിട്ടന്റെ ഭാവി ഇന്ന് നിശ്ചയിക്കും

ലണ്ടന്‍: സമയത്തിനെ തോല്‍പിച്ച് ലക്ഷ്യത്തിലെത്താനും നിലനില്‍ക്കാനുമുള്ള ഒരു നിര്‍ണായക പോരാട്ടമാണ് ഇന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നടത്താനൊരുങ്ങുന്നത്. യൂറോപ്യന്‍ യൂണിയന് മുന്നില്‍ താന്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ ബ്രക്‌സിറ്റ് പ്ലാന്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കുന്നതിനുള്ള അതിപ്രാധാന്യമാര്‍ന്ന വോട്ടെടുപ്പ് ഇന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ നടക്കാന്‍ പോവുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ബ്രിട്ടന്റെ ഭാവി നിശ്ചയിക്കുന്ന വോട്ടെടുപ്പാണിത്. ബോറിസിന്റെ പ്ലാനിനെ ജനങ്ങള്‍ ഒരേ ശബ്ദത്തില്‍ പിന്തുണക്കുന്നുവെന്നാണ് ഇക്കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ വളിപ്പെടുത്തുന്നത.്

എന്നാല്‍  യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കാന്‍ പോകുന്ന  ഈ കരാര്‍ വിജയിക്കണമെങ്കില്‍ ഇനിയും കൂടുതല്‍ എംപിമാര്‍ പിന്തുണയ്‌ക്കേണ്ടതുണ്ട്. ഈ ബില്‍ കോമണ്‍സില്‍ പാസായില്ലെങ്കില്‍ രാജ്യത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളാണ്. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ വ്യാഴാഴ്ച വഴിമുട്ടിയതിന് ശേഷം ബോറിസിന് വെറും 24 മണിക്കൂറുകള്‍ മാത്രമാണ് തന്റെ കരാറിന് എംപിമാരില്‍ നിന്നും പിന്തുണ നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായി ലഭിച്ചത്. ബോറിസ് തയ്യാറാക്കിയ പദ്ധതിയെ അനുകൂലിച്ച് എംപിമാര്‍ വോട്ട് ചെയ്യുകയാണെങ്കില്‍ ഒക്ടോബര്‍ 31 ഓടെ ഒരു കരാര്‍ സഹിതം യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിനുള്ള സാധ്യതയേറും.

 ഈ പദ്ധതിക്ക് എതിരായോ അല്ലെങ്കില്‍ റിമെയിനര്‍മാര്‍ മുന്നോട്ട് വയ്ക്കുന്ന ഇത് സംബന്ധിച്ച ഭേദഗതിക്ക് അനുകൂലമായോ ആണ് വോട്ട് ചെയ്യപ്പെടുന്നതെങ്കില്‍ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വമാണ് രാജ്യത്തെ കാത്തിരിക്കുന്നത്. അതായത് ഇതെ തുടര്‍ന്ന് നോ ഡീല്‍ ബ്രക്‌സിറ്റാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വമാണോ യുകെയെ കാത്തിരിക്കുന്നത് പറയാന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്. ഇന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ചില കാര്യങ്ങളെ വിശകലനം ചെയ്യുകയാണിവിടെ.

ഇന്ന് നിര്‍ണായകം

ബ്രക്‌സിറ്റിനായി താന്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതി ബോറിസ് ഇന്ന് ഔപചാരികമായി കോമണ്‍സിന്‍ മുന്നില്‍ അവതരിപ്പിക്കും. തുടര്‍ന്ന് അതിനെ പിന്തുണയ്ക്കുന്നിതിനായി എംപിമാരോട് ആവശ്യപ്പെടുകയും ചെയ്യും. ഹൗസ് ഓഫ് കോമണ്‍സ് സാധാരണ തിങ്കള്‍ മുതല്‍ വ്യാഴം വരെയാണ് കൂടാറുള്ളത്. ചിലപ്പോള്‍ വെള്ളിയാഴ്ചയും യോഗം ചേരാറുണ്ട്. എന്നാല്‍ ഇന്ന് ബ്രക്‌സിറ്റ് പ്രമാണിച്ച് പ്രത്യേകമായി സഭ ചേരാന്‍ പോവുകയാണ്. 1982ന് ശേഷം ഇതാദ്യമായിട്ടാണ് ശനിയാഴ്ച കോമണ്‍സ് ചേരുന്നത്. തന്റെ ബ്രക്‌സിറ്റ് കരാറിലെ വ്യവസ്ഥകള്‍ ഈ യോഗത്തില്‍ വച്ച് ബോറിസ് ആദ്യം അവതരിപ്പിക്കുന്നതായിരിക്കും. തുടര്‍ന്ന് സുദീര്‍ഘവും വിശദവുമായ ചര്‍ച്ചകളായിരിക്കും നടക്കുന്നത്.

തുടര്‍ന്ന് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍കൗ തെരഞ്ഞെടുക്കുന്ന ഭേദഗതികള്‍ പാസാക്കുന്നതായിരിക്കും. ബോറിസിന്റെ കരാറിനെ പിന്തുണച്ച് വേണ്ടത്ര എംപിമാര്‍ വോട്ട് ചെയ്തില്ലെങ്കില്‍ കടുത്ത വെല്ലുവിളിയായിരിക്കും ബോറിസ് നേരിടേണ്ടി വരുന്നത്. ഇത് പ്രകാരം ബെന്‍ ആക്ടിനോട് പൊരുത്തപ്പെടുന്ന വിധത്തില്‍ ബ്രക്‌സിറ്റ് വൈകിപ്പിക്കാന്‍ യൂണിയനോട് ആവശ്യപ്പെടാന്‍ ബോറിസ് നിര്‍ബന്ധിതനായേക്കും.

എന്തൊക്കെ ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടേക്കാം?

ബോറിസിന്റെ ബ്രക്‌സിറ്റ് പദ്ധതിക്ക് മേല്‍ മൂന്ന് ഭേദഗതികള്‍ എംപിമാര്‍ നിര്‍ദേശിക്കാന്‍ സാധ്യതയുണ്ട്. ഇതിലൊന്ന് എസ്എന്‍പി എംപി മുന്നോട്ട് വയ്ക്കുന്നതും ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കാന്‍ ആവശ്യപ്പെടുന്നതുമായിരിക്കും. പ്രധാനമന്ത്രിയുടെ ബ്രക്‌സിറ്റ് ഡീല്‍ തള്ളിക്കളയാനും 2020 ജനുവരി 31 വരെ ബ്രക്‌സിറ്റ് വൈകിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ഭേദഗതിയായിരിക്കും രണ്ടാമത്തേത്. ഇതും എസ്എന്‍പിയായിരിക്കും മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ഈ രണ്ട് ഭേദഗതിക്കും എംപിമാരില്‍ നിന്നും പിന്തുണ ലഭിക്കാന്‍ സാധ്യത കുറവാണ്.

പക്ഷേ സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്ന മൂന്നാമതൊരു ഭേദഗതിക്ക് സാധ്യതയേറെയാണ്. മുന്‍ എംപി സര്‍ ഒലിവര്‍ ലെറ്റ് വിനും ലേബര്‍ എംപി ഹില്ലാരി ബെന്നും നയിക്കുന്ന വിവിധ പാര്‍ട്ടികളിലെ ഒരു പറ്റം എംപിമാര്‍ മുന്നോട്ട് വയ്ക്കുന്ന ഭേദഗതിയായിരിക്കുമിത്. ഇത് അംഗീകരിക്കപ്പെടുകയാണെങ്കില്‍ ക്രമാനുഗതമായുളള ഒരു ബ്രക്‌സിറ്റ് നടപ്പിലാക്കുന്നതിനുള്ള എല്ലാ വിധ നിയമങ്ങളും പാസാക്കിയതിന് ശേഷം മാത്രമേ ബോറിസിന്റെ ബ്രക്‌സിറ്റ് പ്ലാനിന് എംപിമാര്‍ അംഗീകാരം നല്‍കുകയുള്ളുവെന്ന് നിഷ്‌കര്‍ഷിക്കുന്ന ഭേദഗതിയാണിത്.

ബോറിസിന്റെ പ്ലാനിനെ പിന്തുണച്ച് ജനങ്ങള്‍

ബോറിസിന്റെ ബ്രക്‌സിറ്റ് പദ്ധതിക്ക് എംപിമാരുടെ പിന്തുണ ലഭിക്കുമെന്ന കാര്യത്തില്‍ സംശയങ്ങളേറെയുണ്ടെങ്കിലും ഈ പദ്ധതിയെ തങ്ങള്‍ പൂര്‍ണമനസോടെ പിന്തുണക്കുന്നുവെന്നാണ് ഡെയിലി മെയിലിന് വേണ്ടി കഴിഞ്ഞ രാത്രി നടത്തിയ സര്‍വേഷന്‍ പോളില്‍ പങ്കെടുത്ത ഭൂരിഭാഗംപേരും വെളിപ്പെടുത്തിയിരിക്കുന്നത്.  അതായത് എംപിമാര്‍ ബോറിസിന്റെ പദ്ധതിയെ നിര്‍ബന്ധമായും പിന്തുണക്കണമെന്നാണ് ഈ പോളില്‍ പങ്കെടുത്ത 50 ശതമാനം പേരും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 38 ശതമാനം പേര്‍ മാത്രമാണ് ഇതിനെ എതിര്‍ത്തിരിക്കുന്നത്. ബാക്ഖി വരുന്ന 12 ശതമാനം പേര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

Author

Related Articles