News

ടോട്ടലുമായി ഊര്‍ജ കരാറില്‍ ഒപ്പുവെച്ച് ഇറാഖ്

ബാഗ്ദാദ്: ഇറാഖ്, ഫ്രാന്‍സിലെ ടോട്ടലുമായി പ്രധാനപ്പെട്ട ഊര്‍ജ കരാറില്‍ ഒപ്പുവെച്ചു. എണ്ണപ്പാടങ്ങളുടെ വികസനം, വാതകോല്‍പ്പാദനം, വന്‍കിട ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സൗരോര്‍ജ ഉല്‍പ്പാദനം എന്നീ മേഖലകളിലായി നാല് പ്രോജക്ടുകളാണ് കരാറില്‍ ഉള്‍പ്പെടുന്നത്. ഈ പദ്ധതികളെല്ലാം തന്നെ എണ്ണ സമ്പന്ന മേഖലയായ രാജ്യത്തിന്റെ തെക്കന്‍ മേഖലയിലാണെന്ന് കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം നടത്തിയ പ്രസ്താവനയില്‍ ഇറാഖ് ഇന്ധന കാര്യ മന്ത്രി ഇഷാന്‍ അബ്ദുള്‍-ജബ്ബാര്‍ പറഞ്ഞു.   

യഥാര്‍ത്ഥ ഇടപാട് മൂല്യം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏഴ് ബില്യണ്‍ ഡോളര്‍ ടോട്ടല്‍ രാജ്യത്ത് നിക്ഷേപിക്കുമെന്ന് അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു. ഇറാഖിലെ ദേശീയ എണ്ണക്കമ്പനികളും ടോട്ടലും തമ്മിലുള്ള കരാര്‍ ദേശീയ സമ്പദ് വ്യവസ്ഥയുടെ വികസനത്തില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്തിമാനുമതിക്കായി കരാര്‍ മന്ത്രിസഭയ്ക്ക് മുമ്പാകെ സമര്‍പ്പിക്കും.

ഇടപാട് ഇരൂകൂട്ടര്‍ക്കും നേട്ടമുണ്ടാക്കുന്നതാണെന്നും കരാറിലെ രാഷ്ട്രീയവും, ഭരണപരമായ തീരുമാനങ്ങള്‍ ഉടനുണ്ടാകുമെന്നും മന്ത്രി സൂചന നല്‍കി. കഴിഞ്ഞ ഒക്ടോബറിലാണ് ഇറാഖും ടോട്ടലും തമ്മില്‍ ഇടപാട് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ജനുവരിയില്‍ ഊര്‍ജ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വാതകോല്‍പ്പാദനത്തിനുമായി ഇരുകൂട്ടരും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

Author

Related Articles