News

ഇന്ത്യന്‍ സര്‍ക്കാരുമായുള്ള നികുതി തര്‍ക്കം ഒത്തുതീര്‍ക്കാമെന്ന പ്രതീക്ഷയില്‍ കെയ്ന്‍ എനര്‍ജി

ന്യൂഡല്‍ഹി: നികുതി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ത്യാ സര്‍ക്കാരിനെതിരെ അമേരിക്കന്‍ കോടതിയെ സമീപിച്ചിരിക്കുന്ന ബ്രിട്ടീഷ് കമ്പനിയായ കെയ്ന്‍, കേസ് ഒത്തുതീര്‍ക്കാമെന്ന പ്രതീക്ഷയില്‍. കേസില്‍ കേന്ദ്രസര്‍ക്കാരുമായി വിവിധ സാധ്യതകള്‍ ചര്‍ച്ച ചെയ്തതായി കമ്പനി വ്യക്തമാക്കി. അതേസമയം അമേരിക്കയിലെ കോടതിയെ സമീപിച്ച കെയ്ണ്‍ കമ്പനിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ പോയേക്കുമെന്നും വിവരമുണ്ട്.

നികുതി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതി ഇന്ത്യക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. 1.2 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം കമ്പനിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കണമെന്ന ആര്‍ബിട്രേഷന്‍ വിധി പാലിക്കാത്തതിനെ ചോദ്യം ചെയ്താണ് കമ്പനി ഇപ്പോള്‍ അമേരിക്കന്‍ ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്. അടുത്ത 60 ദിവസത്തിനുള്ളില്‍ കേസില്‍ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടാക്കിയില്ലെങ്കില്‍ രാജ്യം ആഗോള തലത്തില്‍ ദുഷ്‌പേരിന് പാത്രമായേക്കും.

ബ്രിട്ടനുമായുള്ള വാണിജ്യ ഉടമ്പനി തെറ്റിച്ച് കമ്പനിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നികുതി ചുമത്തിയത് തെറ്റാണെന്നായിരുന്നു ആര്‍ബിട്രേഷന്‍ വിധി. കമ്പനിക്ക് നഷ്ടപരിഹാരമായി 1.2 ബില്യണ്‍ ഡോളര്‍ നല്‍കണമെന്നും വിധിച്ചു. വിധി പ്രകാരം പണം നല്‍കേണ്ട കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഇത് നല്‍കിയിട്ടില്ല. ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നും പണം വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അമേരിക്കന്‍ കോടതിയെ കമ്പനി സമീപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ രാജ്യത്തിന്റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ കമ്പനിക്ക് കഴിയും. അതിനാലാണ് അമേരിക്കന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ വിജയിക്കുന്നതോടെ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസ്തികള്‍ കണ്ടുകെട്ടാനാവും കമ്പനിയുടെ നീക്കം.

Author

Related Articles