News

തൊഴില്‍ ശൃംഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം 50 ശതമാനമാക്കുമെന്ന് ബ്രിട്ടാനിയ

2024ഓടെ തൊഴില്‍ ശൃംഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിച്ച് 50 ശതമാനമാക്കുമെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്. ഈ വൈവിധ്യ അനുപാതം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പ്രമുഖ എഫ്എംസിജി ബുധനാഴ്ച പറഞ്ഞു. നിലവില്‍ കമ്പനിയുടെ തൊഴിലാളികളില്‍ 38 ശതമാനം സ്ത്രീകളാണെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ (സിഎംഒ) അമിത് ദോഷി പറഞ്ഞു.

കമ്പനിയില്‍ ലിംഗസമത്വം പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടാനിയയുടെ ഗുവാഹത്തി ഫാക്ടറിയില്‍ തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ അനുപാതം 60 ശതമാനമാണെന്നും അത് 65 ശതമാനമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി, വനിതാ സംരംഭകര്‍ക്കിടയില്‍ കമ്പനി ഇതിനകം ഒരു സ്റ്റാര്‍ട്ടപ്പ് ചലഞ്ച് ആരംഭിച്ചിട്ടുണ്ടെന്നും ദോഷി പറഞ്ഞു.

ഇ-കൊമേഴ്സ്, ഡിജിറ്റല്‍ സേവനങ്ങള്‍, മൊബൈല്‍ വാനുകള്‍ വഴിയുള്ള നേത്ര പരിചരണം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 30 വനിതാ സംരംഭകര്‍ക്ക് ഇതുവരെ 10 ലക്ഷം രൂപ വീതം മൂലധനം കമ്പനി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിന് കമ്പനി ഗൂഗിളുമായി കൈകോര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Desk
Author

Related Articles