News

പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കലിലൂടെ കേന്ദ്രസര്‍ക്കാര്‍ 1,05,000 കോടിരൂപ സമാഹരിക്കും

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലായ പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കലിലൂടെ 1,05,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എയര്‍ ഇന്ത്യയടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ഓഹരി വിറ്റഴിക്കലിലൂടെ ഭീമമായ തുക സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 2019-2020 സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുക. അതേസമയം  കഴിഞ്ഞ ഫിബ്രുവരിയില്‍ പിയൂഷ് ഗോയാല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ഓഹരി വിറ്റഴിക്കലിലൂടെ 90,000 കോടി രൂപ സമഹരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ധനമന്ത്രി നിര്‍മ്മല സീതാരമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഓഹരി വിറ്റഴിക്കലിലൂടെ 1,05,000 കോടി രൂപ സമാഹരിക്കലാണ് പ്രഥമ ലക്ഷ്യം. 

എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും നിക്ഷേപകര്‍ ആരും തന്നെ ഓഹരി ഏറ്റെടുക്കാന്‍ എത്തിയിരുന്നില്ല. എയര്‍ ഇന്ത്യയുടെ കടം  മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അതേസമയം ഓഹരി വില്‍പ്പനയിലൂടെ മാത്രമേ എയര്‍ ഇന്ത്യയുടെ കടം പൂര്‍ണമായി വീട്ടാന്‍ സാധിക്കുമെന്നാണ് കമ്പനി സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഓഹരി വിറ്റഴിക്കുന്നതിന് വേണ്ടി പുതിയ സമിതിയെ സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുകയും ചെയ്യും. 

2017 ജൂണ്‍ 28 നാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിതല പ്രത്യേക സമിതിക്ക്  ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ രൂപം നല്‍കിയത്. അതേസമയം സോവര്‍ജിന്‍ ഗ്യാരണ്ടി മുഖേന സര്‍ക്കാര്‍ 7,000 കോടി രൂപയുടെ സഹായം എയര്‍ ഇന്ത്യക്ക് നല്‍കിയിരുന്നു. ഇതില്‍ ഇപ്പോള്‍ 2,500 കോടി രൂപ മാത്രമാണ് എയര്‍  ഇന്ത്യയുടെ കൈവശമുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  ജീവനക്കാരുടെ ശമ്പളത്തിനും, എണ്ണ കമ്പനികളുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനും എയര്‍ ഇന്ത്യ ഈ തുക ചിലവാക്കിയേക്കും.  ഒക്ടോബര്‍ മാസം എയര്‍ ഇന്ത്യാ ജീവനക്കാര്‍ക്കുള്ള ശമ്പളവും സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Author

Related Articles