News

ഐപിഒ പ്രളയത്തില്‍ മാര്‍ച്ച്; കല്യാണ്‍ ജ്വല്ലേഴ്സ് ഉള്‍പ്പടെ 1200 കോടി രൂപയുടെ മൂല്യമുള്ള ഐപിഒകള്‍

ഓഹരിക്കമ്പോളത്തില്‍ ഈ മാര്‍ച്ച് മാസം ഐപിഒകളുടെ പെരുമഴക്കാലം. വരുന്ന 3 മുതല്‍ 5 ആഴ്ചകളില്‍, കേരളത്തില്‍ നിന്നുള്ള കല്യാണ്‍ ജ്വല്ലേഴ്സ് ഉള്‍പ്പടെ, 1200 കോടി രൂപയുടെ മൂല്യം കണക്കാക്കപ്പെടുന്ന പുത്തന്‍ കമ്പോള പ്രവേശനങ്ങള്‍ക്ക് കാതോര്‍ക്കാം. ഏറെക്കാലത്തിനു ശേഷമാണ് ഇത്തരത്തില്‍ നിരവധി ഐ പി ഒ കളുടെ കുത്തൊഴുക്ക് ഉണ്ടാകുന്നത്.

വരും വാരങ്ങളില്‍ ആദ്യമായി കമ്പോളത്തിലെത്തുന്ന കമ്പനികളുടെ കൂട്ടത്തില്‍ കല്യാണിനെ കൂടാതെ, ഈസി ട്രിപ്പ് പ്ലാനേഴ്സ്, ലക്ഷ്മി ഓര്‍ഗാനിക്ക്‌സ്, ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍, അനുപം രസായന്‍, സൂര്യോദയ് സ്മാള്‍ ഫിനാന്‍സ് ബാങ്ക്, ആധാര്‍ ഹൌസിംഗ് ഫിനാന്‍സ് എന്നിവയാണ് നിക്ഷേപര്‍ക്ക് ഉറ്റു നോക്കാവുന്നത്.

അമിത ലിക്വിഡിറ്റി ആണ് ഐ പി ഒ കളുടെ തള്ളിക്കയറ്റത്തിന് കാരണമെന്ന് സെന്‍ട്രം ക്യാപിറ്റലിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് വിഭാഗം മാനേജിങ് ഡയറക്റ്റര്‍ രാജേന്ദ്ര നായിക് ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് ദിനപത്രത്തോടു സംസാരിക്കവെ സൂചിപ്പിക്കുന്നു. ഐ പി ഓ കളെല്ലാം തന്നെ അടുത്തകാലത്തായി ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുന്നതായാണ് കണ്ടു വരുന്നതെന്ന് കൂട്ടിച്ചേര്‍ത്ത നായിക്കിന്റെ അഭിപ്രായത്തില്‍, പുത്തന്‍ കമ്പോള പ്രവേശങ്ങളോട് അനുകൂല പ്രതികരണമാണ് മാര്‍ക്കറ്റ് കാട്ടുന്നത്. ഒന്നിച്ചുള്ള തള്ളിക്കയറ്റം ഒ രു പ്രശ്‌നമായി കാണാമെങ്കിലും മാര്‍ക്കറ്റ് സെന്റിമെന്റ് ഏറെ പ്രചോദനം നല്‍കുന്നുണ്ട്. കൂടുതല്‍ നിക്ഷേപകര്‍ ഐ പിഒ കളെ സ്വാഗതം ചെയ്യുന്നു എന്ന കാരണത്താല്‍ അവയുടെ എണ്ണത്തിലും ഉയര്‍ച്ച ഉണ്ടാക്കുന്നുവെന്ന് പരക്കെ അഭിപ്രായമുണ്ട്.

മാര്‍ച്ച് മാസത്തില്‍ സാധാരണയായി കണ്ടു വരാറുള്ള മെല്ലെപ്പോക്ക് ഇപ്പോള്‍ പഴങ്കഥയായിക്കഴിഞ്ഞു എന്ന് വേണം കരുതാന്‍. മുന്‍ കാലങ്ങളില്‍, മാര്‍ച്ച് മാസങ്ങളില്‍ അഡ്വാന്‍സ് ടാക്‌സിനും, ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തുന്നതിനുമായി മൂലധനം മാറ്റിവയ്ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മാര്‍ച്ചില്‍ ഐ പി ഒ കള്‍ക്ക് നല്ല കാലമായിരുന്നില്ല, എന്നാല്‍ ഇന്നിപ്പോള്‍ കഥ മാറി. അമിത ലിക്വിഡിറ്റിയുടെ സാന്നിധ്യം തന്നെ കാരണമായി കരുതാം. ഒപ്പം, കേന്ദ്ര ബജറ്റിലെ വികസനോന്മുഖ പ്രഖ്യാപനങ്ങളും കമ്പോളത്തിനു അധിക ശക്തി നല്‍കിയിട്ടുണ്ട്.

ഈ മാസം സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യ്ക്ക് സമര്‍പ്പിക്കപ്പെട്ട ഓഫര്‍ ഡോക്യൂമെന്റസിന്റെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പത്തോളം കമ്പനികള്‍ ഇതിനകം തന്നെ ഐ പി ഒ ഓഫര്‍ ഡോക്യൂമെന്റുകള്‍ ഫയല്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

Author

Related Articles