News

200 നഗരങ്ങളിലായി 500 ട്യൂഷന്‍ സെന്ററുകള്‍; 200 മില്യണ്‍ ഡോളര്‍ നിക്ഷേപവുമായി ബൈജൂസ്

ഓണ്‍ലൈന്‍ ട്യൂഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എഡ്ടെക് സ്റ്റാര്‍ട്ടപ്പ് ബൈജൂസ് ഒന്നര വര്‍ഷത്തിനുള്ളില്‍ നേരിട്ടുള്ള ട്യൂഷന്‍ സെന്ററുകള്‍ തുറക്കുന്നു. ഇതിനായി 200 മില്യണ്‍ ഡോളര്‍ കമ്പനി നിക്ഷേപിക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുറന്ന 80 ട്യൂഷന്‍ സെന്ററുകളുടെ വിജയത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. 200 നഗരങ്ങളിലായി 500 സെന്ററുകള്‍ തുറക്കാനാണ് പദ്ധതി. 20 ശതകോടി ഡോളര്‍ മൂല്യമുള്ള കമ്പനിയാണ് ബൈജൂസ്. ഈ വര്‍ഷം കമ്പനിയുടെ പ്രഥമ ഓഹരി വില്‍പ്പനയും ലക്ഷ്യമിടുന്നുണ്ട്.

ഓണ്‍ലൈന്‍ സാധ്യതകളും പ്രയോജനപ്പെടുത്തിയാകും ട്യൂഷന്‍ സെന്ററുകള്‍ ആരംഭിക്കുക. ഒരധ്യാപകന്‍ നേരിട്ട് ക്ലാസെടുക്കുന്നതിനു പുറമേ ക്ലാസ് മുറിയിലെ സ്‌ക്രീനില്‍ മറ്റൊരു അധ്യാപകന്റെ സാന്നിധ്യം കൂടി ഉണ്ടാകും. നാല് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് ട്യൂഷന്‍ സെന്റര്‍ ഒരുക്കുന്നത്. ഒരു ക്ലാസില്‍ 25 വിദ്യാര്‍ത്ഥികളാകും ഉണ്ടാകുക. പ്രതിമാസം 3000-3500 രൂപയായിരിക്കും ഏകദേശ ഫീസ്.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷം വിദ്യാര്‍ത്ഥികളെ ഇതിലൂടെ ആകര്‍ഷിക്കാനാകൂമെന്നാണ് ബൈജൂസ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഫിസിക്കല്‍ സെന്ററുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായ ശ്രദ്ധ നല്‍കുകയും അവരുടെ കഴിവുകളെല്ലാം പുറത്ത് കൊണ്ടുവരികയുമാണ് ലക്ഷ്യമെന്ന് ബൈജൂസ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ മൃണാള്‍ മോഹിത് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

Author

Related Articles