News

ഐഡിബിഐ ബാങ്കിന്റെ ഓഹരി വിറ്റഴിക്കലിന് തത്വത്തില്‍ അനുമതി നല്‍കി ക്യാബിനറ്റ് കമ്മിറ്റി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റി ഐഡിബിഐ ബാങ്കിന്റെ മാനേജ്‌മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന് തത്വത്തില്‍ അനുമതി നല്‍കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച ശേഷമാകും നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുക.

സര്‍ക്കാരിന്റെയും എല്‍ഐസിയുടെയും എത്ര ശതമാനം ഓഹരികള്‍ വില്‍ക്കണമെന്ന് ഈ കൂടിയാലോചനകള്‍ക്ക് ശേഷമാകും തീരുമാനിക്കുകയെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഡിബിഐ ബാങ്കിലെ മാനേജ്‌മെന്റ് നിയന്ത്രണം ഉപേക്ഷിച്ച് എല്‍ഐസി ബോര്‍ഡ് നേരത്തെ ഓഹരി ലയിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയിരുന്നു.

ഐഡിബിഐ ബാങ്കിന്റെ 94 ശതമാനത്തിലധികം ഓഹരി കേന്ദ്ര സര്‍ക്കാരിന്റെയും എല്‍ഐസിയുടെയും കൈവശമാണ്. കേന്ദ്ര സര്‍ക്കാരിന് 45.48 ശതമാനവും എല്‍ഐസിക്ക് 49.24 ശതമാനവും ഓഹരി വിഹിതം ബാങ്കിലുണ്ട്. എല്‍ഐസിയാണ് നിലവില്‍ ഐഡിബിഐ ബാങ്കിന്റെ പ്രൊമോട്ടര്‍, കേന്ദ്ര സര്‍ക്കാരാണ് ബാങ്കിന്റെ കോ-പ്രൊമോട്ടര്‍.

Author

Related Articles