News

ഗുജറാത്ത് വന്‍ കടക്കെണിയിലെന്ന് സിഎജി റിപ്പോര്‍ട്ട്

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി ബിജെപി ഉയര്‍ത്തിക്കാട്ടിയ ഗുജറാത്ത് വന്‍ കടക്കെണിയിലെന്ന് റിപ്പോര്‍ട്ട്. വലിയ പ്രതിസന്ധിയിലേക്ക് ഗുജറാത്ത് നീങ്ങുന്നുവെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗുജറാത്തിന്റെ ആകെ കടമായ 3.08 ലക്ഷം കോടിയുടെ 61 ശതമാനവും അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ തിരിച്ചടക്കണമെന്നതാണ് സംസ്ഥാനത്തിന് മുന്നിലുള്ള വെല്ലുവിളി.

കടങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നത് ഗുജറാത്തിനെ പ്രതിസന്ധിയിലാക്കും. 2028നകം 1.87 ലക്ഷം കോടി രൂപയാണ് സംസ്ഥാനം തിരിച്ചടക്കേണ്ടത്. ചെലവുകള്‍ വര്‍ധിക്കുന്നതിനൊപ്പം റവന്യു കമ്മിയും ഉയരുന്നത് സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ആശങ്ക. കടം തിരിച്ചടക്കാനുള്ള നടപടികള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ തുടക്കം കുറിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നതെന്നും സിഎജി വ്യക്തമാക്കുന്നു.

ഗുജറാത്തിന്റെ പൊതുകടത്തില്‍ 2016-21 കാലയളവില്‍ 11.49 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഈ സമയത്ത് സംസ്ഥാനത്തിന്റെ ജിഡിപി 9.19 ശതമാനവും വളര്‍ന്നു. ഈ കണക്കുകള്‍ ഗുജറാത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ പുനരവലോകനം നടത്തണമെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും സിഎജി വ്യക്തമാക്കുന്നു. 2020-21ല്‍ ഗുജറാത്തിന്റെ വരുമാനത്തില്‍ വലിയ തിരിച്ചടിയുണ്ടായെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. 2011-12 വര്‍ഷത്തില്‍ സീറോ റവന്യു കമ്മിയെന്ന ലക്ഷ്യം ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, 2020-21ല്‍ ഗുജറാത്തിന്റെ റവന്യുകമ്മി 22,548 കോടിയാണ്.

Author

Related Articles