News

വമ്പന്‍ ഉത്സവകാല ഓഫറുമായി ഹോണ്ട; 2.5 ലക്ഷം രൂപ വിലക്കുറവില്‍ കാറുകള്‍

ഉത്സവ സീസണില്‍ മികച്ച ഓഫറുകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. 2.5 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഹോണ്ട കാറുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, എക്സ്റ്റെന്റഡ് വാറണ്ടി, ലോയലിറ്റി ബോണസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് ഓഫറുകള്‍ ഒരുക്കിയിട്ടുള്ളത്. പ്രധാനമായും അമേസ്, അഞ്ചാം തലമുറ സിറ്റി, പുതിയ ഡബ്ല്യുആര്‍-വി, ജാസ്, സിവിക് തുടങ്ങിയ മോഡലുകള്‍ക്കാണ് ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുള്ളത്.

ഹോണ്ടയുടെ പ്രീമിയം സെഡാന്‍ മോഡലായ സിവിക്കിനാണ് ഏറ്റവും വലിയ ഓഫര്‍ ഒരുങ്ങുന്നത്. 2.5 ലക്ഷം രൂപ വരെയുള്ള ഓഫറാണ് ഈ ഫ്ളാഗ്ഷിപ്പ് മോഡലിന് നല്‍കുന്നത്. സിവിക്കിന്റെ പെട്രോള്‍ മോഡലിന് ഒരുലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും ഡീസല്‍ മോഡലിന് 2.5 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുമാണ് ഹോണ്ട പ്രഖ്യാപിച്ചിട്ടുള്ളത്.

അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക് 30,000 രൂപയുടെ ഓഫറുകളാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. ഡബ്ല്യുആര്‍-വി, ജാസ് എന്നീ മോഡലുകള്‍ക്ക് 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്. ഈ വാഹനങ്ങള്‍ക്കായി പഴയ വാഹനങ്ങള്‍ എക്സ്ചേഞ്ച് ചെയ്യുന്നവര്‍ക്ക് 15,000 രൂപയുടോ ബോണസും നല്‍കും. നാലാം തലമുറ സിറ്റിക്ക് ഓഫറുകള്‍ നല്‍കുന്നില്ല.

സബ്-കോംപാക്ട് എസ്.യു.വിയായ അമേസിന് 47,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. 12,000 രൂപ വരെയുള്ള അഞ്ച് വര്‍ഷ എക്സ്റ്റെന്റഡ് വാറണ്ടി, 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, പെട്രോള്‍ മോഡലിന് 20,000 രൂപയുടെയും ഡീസല്‍ മോഡലിന് 10,000 രൂപയുടെയും ക്യാഷ് ഡിസ്‌കൗണ്ടുമാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്.

Author

Related Articles