News

ഏലം ലേലത്തില്‍ പങ്കാളികളാകാന്‍ കര്‍ഷകരുടെ നേതൃത്വത്തിലുള്ള കമ്പനികളും രംഗത്ത്

ഇടുക്കി: ഇത്തവണത്തെ ഏലം ലേലത്തില്‍ പങ്കാളികളാകാന്‍ കര്‍ഷകരുടെ നേതൃത്വത്തിലുള്ള കമ്പനികളും രംഗത്ത്. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ഷക കമ്പനികള്‍ ലേലത്തില്‍ സജീവമാകാന്‍ തീരുമാനിച്ചിരിക്കുന്നത്. വണ്ടന്‍മേട് ഗ്രീന്‍ ഗള്‍ഡ് കാര്‍ഡമം പ്രൊഡ്യൂസര്‍ കമ്പനി (വിജിസിപിസി), വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ എന്നിവരാണ് ഓണ്‍ലൈന്‍ ലേലകമ്പനികള്‍ ആരംഭിച്ചത്.

ഇന്ന് വിജിസിപിസി ഓണ്‍ലൈന്‍ ലേലം ആരംഭിക്കും. 25700 കിലോ ഏലമാണ് ലേലത്തിനെത്തിക്കുന്നത്. ബോഡിനായ്ക്കന്നൂര്‍ സിപിഎ ഹാള്‍, കമ്പനിയുടെ വണ്ടന്‍മേട്ടിലെ ഓഫീസ് എന്നിവിടങ്ങളിലാണ് ഏലം പ്രദര്‍ശിപ്പിക്കുക. കേന്ദ്രസര്‍ക്കാരിന്റെ ഫാമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ഓര്‍ഡിനന്‍സ് പ്രകാരം ആരംഭിച്ചതാണ് ഈ ലേലക്കമ്പനികള്‍.

നിലവിലെ ലേല സംവിധാനത്തിലൂടെ കര്‍ഷകര്‍ക്ക് ലാഭം ലഭിക്കാന്‍ 21 ദിവസം വരെ കാത്തിരിക്കണം. എന്നാല്‍ പുതിയ കമ്പനി വന്നതോടെ മൂന്ന് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ പണമെത്തും. ഡിസംബര്‍ ആദ്യ ആഴ്ചയിലാകും ഗ്രോവേഴ്‌സ് അസോസിയേഷന്‍ ലേലം ആരംഭിക്കുക.

Author

Related Articles