News

വീഡിയോകോണ്‍- ഐസിഐസിഐ ഇടപാട്; എഫ്‌ഐആറില്‍ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക്കിന്റെ പേരും

വീഡിയോകോണ്‍-  ഐസിഐസിഐ വായ്പ അഴിമതിയില്‍ ചന്ദാ കൊച്ചാര്‍, ഭര്‍ത്താവ് ദീപക്, വീഡിയോകോണ്‍ ചെയര്‍മാന്‍ വി.എന്‍ ധൂത്ത് എന്നിവര്‍ക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വീഡിയോകോണിന് ഐസിഐസിഐ അനുവദിച്ച അനധികൃതമായ വായ്പയുടെ പരാതിയിലാണ് ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദാ കൊച്ചാറിനെതിരേ സിബിഐ അന്വേഷണം നടക്കുന്നത്.

എഫ് ഐ ആര്‍ സമര്‍പ്പിക്കുന്നതിന് അനുസരിച്ച് മുംബൈ, ഔറംഗാബാദ്, നൂപ്പവര്‍ റിന്യുവബിള്‍സ്, സുപ്രീം എനര്‍ജി  പ്രൈവറ്റ് ലിമിറ്റഡ്, മുംബൈയിലെ നരിമാന്‍ പോയിന്റിലെ വീഡിയോകോണ്‍ ഓഫീസുകളടക്കം നാല് സ്ഥലങ്ങളില്‍ പരിശോധന നടത്തിവരികയാണ്.

2012ലാണ് ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് വായ്പ അനുവദിച്ചത്. അന്വേഷണം ആരംഭിച്ചതോടെ ചന്ദാ കൊച്ചാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ അനധികൃതമായി വായ്പ അനുവദിച്ചതിനെതിരേ ബാങ്ക്തലത്തില്‍ അന്വേഷണം നടക്കവേയായിരുന്നു ചന്ദാ കൊച്ചാറിന്റെ രാജി. പ്രതിസന്ധിയിലായ വീഡിയോകണിന് ഇത്രയുമധികം തുക വായ്പ കൊടുത്തതിന് പിന്നില്‍ കൊച്ചാറിന്റെ വ്യക്തി താല്‍പര്യങ്ങളാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 

ചന്ദയുടെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള ന്യൂപവര്‍ റിന്യൂവബിള്‍സ് എന്ന സ്ഥാപനത്തിന് വീഡിയോകോണ്‍ വന്‍തുക കൈമാറിയതായി മുമ്പ് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണം ചന്ദ കൊച്ചാറിലേക്ക് എത്തിയത്. അതോടെ വീഡിയോകോണ്‍-  ഐ.സി.ഐ.സി.ഐ. ഇടപാട് വഴിത്തിരിവിലേക്ക് എത്തുകയായിരുന്നു. 

 

Author

Related Articles