News

നിര്‍മ്മാണ മേഖലയ്ക്ക് ആശ്വാസം; ലോക്ഡൗണിന് ശേഷം കുത്തനെ കൂടിയ സിമന്റ്, കമ്പി വില താഴ്ന്നു

കോഴിക്കോട്: ലോക്ഡൗണിന് ശേഷം കുത്തനെ കൂടിയ സിമന്റ്, കമ്പി വില താഴ്ന്നു. ഇത് നിര്‍മാണ മേഖലക്ക് വലിയ ആശ്വാസമായി. 500 രൂപ വരെ എത്തിയിരുന്ന സിമന്റ് വില 370 ലെത്തി. 80 രൂപ വരെ എത്തിയ കമ്പി വില 63ലേക്ക് താഴ്ന്നു. കമ്പനികള്‍ക്കിടയിലെ മത്സരവും വില കുറച്ചുകിട്ടാന്‍ നിര്‍മാണമേഖലയിലുള്ളവര്‍ നടത്തിയ ഇടപെടലും വിലയിടിയാന്‍ കാരണമായി എന്നാണ് വിലയിരുത്തല്‍.

അതേസമയം, ജനുവരി മുതല്‍ സിമന്റിനും കമ്പിക്കും വീണ്ടും വിലകൂട്ടാന്‍ നീക്കമുണ്ട്. ജനുവരി മുതല്‍ ഏപ്രില്‍ വരെ കേരളത്തില്‍ നിര്‍മാണമേഖല സജീവമാവും.  നിര്‍മാണ സാമഗ്രികള്‍ക്കുള്ള ഡിമാന്റ് മുന്നില്‍ കണ്ടാണ് വിലവര്‍ധനക്ക് നീക്കം നടക്കുന്നതെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ പറഞ്ഞു. വലിയ നിര്‍മാണക്കമ്പനികള്‍ ഇത് മുന്‍കൂട്ടികണ്ട് മെറ്റീരിയലുകള്‍ ശേഖരിച്ചു.

ഡിസംബര്‍ മാസത്തിലാണ് വില പരമാവധി താഴോട്ട് വന്നത്. പെന്ന സിമന്റിന് 420ല്‍ നിന്ന് 300 രൂപയായും എ.സി.സിക്ക് 490ല്‍നിന്ന് 370 ആയും കുറഞ്ഞു. എല്ലാ ബ്രാന്‍ഡുകള്‍ക്കും 100 മുതല്‍ 120 രൂപ വരെ കുറഞ്ഞു. സൂര്യദേവ് ബ്രാന്‍ഡ് കമ്പിക്ക് കിലോക്ക് 80ല്‍ നിന്ന് 63 രൂപയായി കുറഞ്ഞു. ടാറ്റ 81.50, വൈശാഖ് 83, പി.കെ. 78.50 എന്നിങ്ങനെയാണ് മറ്റു ബ്രാന്‍ഡുകളുടെ വിലനിലവാരം. വിലക്കയറ്റം കാരണം വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നിര്‍ത്തിവെച്ചിരുന്നു.

Author

Related Articles