News

എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ വില്‍ക്കാനുള്ള നടപടി വേഗത്തിലാക്കും. എയര്‍ ഇന്ത്യ വില്‍പന സാമ്പത്തിക രംഗത്തെ നിര്‍ണ്ണായക ചുവടുവെയ്‌പെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

എയര്‍ ഇന്ത്യ വില്‍പനയ്ക്ക് ജനത്തില്‍ നിന്ന് ലഭിച്ച സ്വീകാര്യതയാണ് കൂടുതല്‍ സ്വകാര്യവത്ക്കരണത്തിനായുള്ള കേന്ദ്ര സര്‍ക്കാര്‍ യാത്രയുടെ വേഗം കൂട്ടുന്നത്. ആദ്യ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് തന്നെ വന്‍ സാമ്പത്തിക പരിഷ്‌കരണ നീക്കങ്ങള്‍ ആലോചിച്ചതാണ്. എന്നാല്‍ നോട്ട് അസാധുവാക്കലിന് ശേഷമുള്ള രാഷ്ട്രീയ എതിര്‍പ്പും ചില സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ തോല്‍വിയും ഇത് മാറ്റിവയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.

സര്‍ക്കാര്‍ കുറച്ച് ഓഹരി കൈയ്യില്‍ വച്ച് സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാതെ മാറിനില്‍ക്കുകയാണ് സ്വകാര്യ കമ്പനികള്‍. അതായത് സര്‍ക്കാരിനൊപ്പം കൂട്ടുകച്ചവടത്തിനില്ലെന്ന് സ്വകാര്യമേഖല വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ എയര്‍ ഇന്ത്യ മാതൃകയില്‍ പൂര്‍ണ്ണമായും കൈമാറാനാണ് ആലോചന.

ഭാരത് പെട്രോളിയം, ഷിപ്പിംഗ് കോര്‍പ്പറേഷന്‍, ഹെലികോപ്റ്റര്‍ നിര്‍മ്മാണ കമ്പനിയായ പവന്‍ഹാന്‍സ് തുടങ്ങിയവ വില്‍ക്കാനുള്ള ടെന്‍ഡര്‍ നടപടി തുടങ്ങി. അടുത്ത ഘട്ടത്തില്‍ ഐഡിബിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്,, പിഡിഐഎല്‍ തുടങ്ങിയ കമ്പനികളും വില്ക്കും. എല്‍ഐസിയുടെ കൂടുതല്‍ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനവും ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കും.

എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയതില്‍ ജനങ്ങളില്‍ നല്ല പ്രതികരണമാണ് കാണുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌ക്കണ യാത്രയില്‍ നിര്‍ണ്ണായക ചുവടുവെയ്‌പെന്ന് ധനകാര്യ സെക്രട്ടറി ടിവി സോമരാജന്‍ പറഞ്ഞു. കൂടുതല്‍ നടപടികള്‍ വൈകാതെ പ്രതീക്ഷിക്കാമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. സ്വകാര്യവത്ക്കരണ വിഷയത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഒരേ നിലപാടല്ല. ശക്തമായി ചെറുക്കുമെന്ന് ഇടത് പാര്‍ട്ടികള്‍ പറയുന്നു. തൊഴിലാളി സംഘടനകളുടെ യോജിച്ച സമരങ്ങള്‍ക്കും ആലോചനയുണ്ട്.

പൊതുമേഖയില്‍ നിന്നുള്ള എയര്‍ലൈന്‍ ദേശസാത്കരണം തിരുത്തിയതു പോലെ ബാങ്കിംഗ് മേഖലയിലെ നയം മാറ്റത്തിലേക്കും സര്‍ക്കാര്‍ കടക്കുമോയെന്നാണ് സാമ്പത്തികരംഗം ഉറ്റുനോക്കുന്നത്. വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങളെയും പല സ്ഥാപനങ്ങളുടെയും സ്വകാര്യവത്ക്കരണം ബാധിച്ചേക്കാം.

Author

Related Articles