News

കേരളത്തിലെ കരിമീന്‍ ഉല്‍പാദനം വളരെ പിന്നില്‍; പ്രതിവര്‍ഷം 10000 ടണ്‍ വേണ്ടിടത്ത് കേവലം 2000 ടണ്‍ മാത്രം

കൊച്ചി: കൃഷിയിലൂടെ കേരളത്തിലെ കരിമീന്‍ ഉല്‍പാദനം കൂട്ടുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ സഹകരണം തേടി കേന്ദ്ര ഗവേഷണ സ്ഥാപനം. ഏറെ അനുകൂലമായ ഘടകങ്ങളുണ്ടായിട്ടും കൃഷിയിലൂടെയുള്ള കേരളത്തിലെ കരിമീന്‍ ഉല്‍പാദനം വളരെ പിന്നിലാണെന്ന് ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരു ജലകൃഷി ഗവേഷണ സ്ഥാപനം (ഐസിഎആര്‍-സിബ) ചൂണ്ടിക്കാട്ടുന്നു. പ്രതിവര്‍ഷം 10000 ടണ്‍ വേണ്ടിടത്ത് കേവലം 2000 ടണ്‍ മാത്രമാണ് സംസ്ഥാനത്ത് കരിമീന്‍ ഉല്‍പ്പാദനം.

കിലോയ്ക്ക് ശരാശരി 500 രൂപയാണ് കരിമീനിന്റെ വില. വലിയതോതില്‍ ആവശ്യക്കാരും ഈ മീനിനുണ്ട്. ഉല്‍പ്പാദനം വര്‍ധിപ്പിച്ചാല്‍ കരിമീന്‍ കര്‍ഷകര്‍ക്കും സംസ്ഥാനത്തിനും സാമ്പത്തിക നേട്ടം കൊയ്യാനാകുമെന്നും സിബയിലെ ഗവേഷകര്‍ വിലയിരുത്തുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, ഓരുജലാശയങ്ങള്‍ കൊണ്ട് അനുഗ്രഹീതമാണ് കേരളം. ഇത് ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെയുള്ള പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന് സിബ ഡയറക്ടര്‍ ഡോ കെകെ വിജയന്‍ പറഞ്ഞു. കേരളത്തിലെ കരിമീന്‍ കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിത്തുല്‍പാദനത്തിന് ഹാച്ചറി സംവിധാനങ്ങളും കൃത്രിമ തീറ്റ നിര്‍മാണ കേന്ദ്രങ്ങളും ഒരുക്കല്‍, കര്‍ഷകരുടെ കൂട്ടായ്മകള്‍ രൂപീകരിക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപരേഖ തയ്യാറാക്കിയാല്‍ ശാസ്ത്ര സാങ്കേതിക സഹായം ലഭ്യമാക്കുമെന്ന് സിബ വ്യക്തമാക്കി. കരിമീനിന്റെ വിത്തുല്‍പാദന സാങ്കേതികവിദ്യയും തീറ്റയും സിബ നേരത്തെ വികസിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ശാസ്ത്രീയ ഹാച്ചറി സംവിധാനങ്ങള്‍ കുറവാണ്. കര്‍ഷകര്‍ക്ക് ആവശ്യമായ അളവില്‍ വിത്തുകള്‍ ലഭിക്കാത്തതാണ് കരിമീന്‍ കൃഷിയില്‍ പുരോഗതി കൈവരിക്കാതിരിക്കാന്‍ കാരണം. കര്‍ഷകരുടെ ഏകോപനമില്ലായ്മയും ശാസ്ത്രീയകൃഷിരീതികള്‍ അവലംബിക്കാത്തതും സംസ്ഥാനത്തെ കരിമീന്‍ കൃഷിയെ ദോശകരമായി ബാധിക്കുന്നു. ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ കൃഷിരീതികള്‍ ജനകീയമാക്കുകയാണ് വേണ്ടത്. ഇതിന് സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പങ്കാളിത്ത പദ്ധതികള്‍ ഗുണം ചെയ്യുമെന്നും വെബിനാര്‍ അഭിപ്രായപ്പെട്ടു.

സെലക്ടീവ് ബ്രീഡിംഗ് സാങ്കേതികവിദ്യ വേണം നിലവില്‍, കരിമീനിന് 200 ഗ്രാം എങ്കിലും തൂക്കം ലഭിക്കുന്നതിന് ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. വളര്‍ച്ചാനിരക്ക് കൂട്ടുന്നതിനായി കരിമീനിന്റെ സെലക്ടീവ് ബ്രീഡിംഗ് സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടതുണ്ടെന്നും സിബ ഡയറക്ടര്‍ പറഞ്ഞു. ജനിതക ഘടന മെച്ചപ്പെടുത്തിയുള്ള ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരും. അഞ്ച് മുതല്‍ പത്ത് കോടി വരെ സാമ്പത്തിക ചിലവും ആവശ്യമായിവരും. ഇത് പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ സിബ, കുഫോസ്, ഫിഷറീസ് വകുപ്പ്, കര്‍ഷകര്‍ എന്നിവരുടെ ഏകോപനം വേണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ സെലക്ടീവ് ബ്രീഡിംഗ് വഴി വികസിപ്പിച്ചെടുത്ത, വേഗത്തില്‍ വളരുന്ന ഗിഫ്റ്റ് തിലാപ്പിയ  കേരളത്തില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതോടെയാണ് അത് കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭകരമായി മാറിയത്. ഇതിന്റെ കൃഷികാലം കുറവും വളര്‍ച്ച് കൂടുതലുമായതിനാല്‍ തിലാപിയ കൃഷി ജനകീയമാകുകയായിരുന്നു. സിബയുടെ സാങ്കേതികസഹായത്തോടെ ആലപ്പുഴ ജില്ലയില്‍ ഒരു കരിമീന്‍ ഹാച്ചറി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാതൃക സംസ്ഥാന സര്‍ക്കാറിന്റെ മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് സംസ്ഥാനത്താകെ നടപ്പിലാക്കാനാകുമെന്നാണ് സിബയുടെ പ്രതീക്ഷ.

Author

Related Articles