News

ഭക്ഷ്യ സംസ്‌ക്കരണ വ്യവസായത്തിന് 10,900 കോടി രൂപ; പിഎല്‍ഐ പദ്ധതിയ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ

ന്യൂഡല്‍ഹി: ഭക്ഷ്യ സംസ്‌ക്കരണ വ്യവസായത്തിനുള്ള 10,900 കോടി രൂപയുടെ ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ യോഗം. ഭക്ഷ്യോത്പാദന രംഗത്ത് ആഗോള ചാമ്പ്യന്‍മാരെ സൃഷ്ടിക്കുന്നതിനും അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ ബ്രാന്‍ഡ് ഭക്ഷ്യോത്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനും ഈ പദ്ധതി മുതല്‍ക്കൂട്ടാവും.

സംസ്‌ക്കരണശേഷി, ബ്രാന്‍ഡിംഗ് എന്നിവ വികസിപ്പിക്കുന്നതിന് നിശ്ചിത-നാമമാത്ര നിക്ഷേപം നടത്താന്‍ ശേഷിയുള്ളതും, നിശ്ചിത-നാമമാത്ര വില്‍പ്പനയുള്ളതുമായ ഭക്ഷ്യോത്പാദന സംരംഭങ്ങളെ പിന്തുണയ്ക്കുകയെന്നതാണ് ഈ കേന്ദ്ര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുത്. കാര്‍ഷികോത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിലയും കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനവും പദ്ധതി ഉറപ്പാക്കും.

2021-22 മുതല്‍ 2026-27 വരെയുള്ള ആറ് വര്‍ഷ കാലയളവിലാണ് പദ്ധതി നടപ്പാക്കുക. 33,494 കോടി രൂപയുടെ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം സാധ്യമാക്കുന്നതിനും, 2026-27 ആകുമ്പോഴേക്കും രണ്ടര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും, സംസ്‌ക്കരണ ശേഷി വിപുലീകരിക്കാനും പദ്ധതി സഹായകമാകും.

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പദ്ധതി ആവിഷ്‌കരിക്കുകയും, നിര്‍വ്വഹണ ഏജന്‍സി (പ്രോജക്ട് മാനേജ്മെന്റ് ഏജന്‍സി-പിഎംഎ) വഴി ഇത് നടപ്പാക്കുകയും ചെയ്യും. അപേക്ഷകളുടെ / നിര്‍ദേശങ്ങളുടെ വിലയിരുത്തല്‍, യോഗ്യത പരിശോധിച്ചുറപ്പിക്കല്‍, പ്രോത്സാഹന വിതരണത്തിന് അര്‍ഹമായ ക്ലെയിമുകളുടെ സൂക്ഷ്മപരിശോധന എന്നിവ പിഎംഎ നിര്‍വ്വഹിക്കും.

പദ്ധതിക്കുള്ള ചെലവ്, അംഗീകൃത പദ്ധതി വിഹിതത്തിനനുസൃതമായി പരിമിതപ്പെടുത്തും. കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിയുള്ള സെക്രട്ടറിമാര്‍ അടങ്ങിയ എംപവേര്‍ഡ് ഗ്രൂപ്പ് ഈ പദ്ധതി നിരീക്ഷിക്കുകയും പദ്ധതി പ്രകാരമുള്ള അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനും ഫണ്ടുകള്‍ അനുവദിക്കുന്നതിനും വേണ്ട അംഗീകാരം ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ മന്ത്രാലയം നല്‍കുകയും ചെയ്യു.

പദ്ധതി നടപ്പാക്കുന്നതിനുള്ള വാര്‍ഷിക പ്രവര്‍ത്തന രൂപരേഖയും മന്ത്രാലയം തയ്യാറാക്കുന്നുണ്ട്. ഒരു മൂന്നാം കക്ഷി മൂല്യനിര്‍ണ്ണയവും മദ്ധ്യകാല അവലോകന സംവിധാനവും പദ്ധതിയ്ക്ക് ഉണ്ടാകും. അപേക്ഷകരായ സംരംഭങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമാകാന്‍ ഒരു ദേശീയ പോര്‍ട്ടല്‍ സജ്ജീകരിക്കുകയും നിര്‍ദ്ദിഷ്ട പദ്ധതിക്ക് കീഴിലുള്ള അപേക്ഷകര്‍ക്ക് മറ്റ് പദ്ധതികള്‍ക്ക് കീഴിലും സാധ്യമായ സേവനങ്ങള്‍ തടസമില്ലാതെ അനുവദിക്കുകയും ചെയ്യും.

Author

Related Articles