News

വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി കേന്ദ്രസര്‍ക്കാര്‍; മാര്‍ച്ച് 31 വരെ വാഹനരേഖകള്‍ക്ക് സാധുത

ന്യൂഡല്‍ഹി: രാജ്യത്തെ വാഹനരേഖകളുടെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍. ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ നിര്‍ണായക രേഖകളുടെ കാലാവധി 2021 മാര്‍ച്ച് 31 വരെ നീട്ടിയതായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 2021 മാര്‍ച്ച് 31 വരെ ഈ രേഖകള്‍ സാധുവായി കണക്കാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം എല്ലാ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2020 ഫെബ്രുവരി 1ന് ശേഷം കാലാവധി തീര്‍ന്ന രേഖകളുടെ കാലാവധിയാണ് മാര്‍ച്ച് 31 വരെ നീട്ടിയിട്ടുള്ളത്. കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലം കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരും ഇത് സംബന്ധിച്ച തീരുമാനം അറിയിക്കുന്നത്. നേരത്തെ ചരക്കുവാഹനങ്ങളുടേതുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി ഡിസംബര്‍ വരെ സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. രേഖകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതോടെ തുടര്‍ച്ചയായ നാലാം തവണയാണ് വാഹനരേഖകളുടെ കാലാവധി കേന്ദ്രം നീട്ടി നല്‍കുന്നത്.

രാജ്യത്ത് സ്വകാര്യ ബസുകളുകള്‍ ഉള്‍പ്പെടെ എല്ലാ വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ആശ്വാസകരമാകുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം. സ്വകാര്യബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് ഒരു ലക്ഷത്തോളം രൂപയാണ് ബസുടമകള്‍ക്ക് ചെലവ് വരുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ ബസുടമകളെ സംബന്ധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടിവരുന്നത് പുതിയ സാമ്പത്തിക ഭാരം തന്നെ സൃഷ്ടിക്കുമെന്നാണ് ബസുടമകള്‍ക്ക് പറയാനുള്ളത്.

Author

Related Articles