News

മുന്‍കൂര്‍ നികുതി ഈടാക്കല്‍ നിയമം റദ്ദാക്കാനുള്ള ബില്‍ ലോക്‌സഭയില്‍

മുന്‍കൂര്‍ നികുതി ഈടാക്കല്‍ നിയമം (റെട്രോസ്‌പെക്ടീവ് ടാക്സ്) നിയമം അവസാനിപ്പിക്കുവാനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ആദായ നികുതി നിയമത്തില്‍ ഭേദഗതികള്‍ വരുത്തുവാനുള്ളതാണ് ബില്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ നികുതി നിയമങ്ങള്‍ (ഭേദഗതി) ബില്‍ കഴിഞ്ഞ ദിവസം ലോക് സഭയില്‍ അവതരിപ്പിച്ചു.
 
വന്‍കിട കമ്പനികളുടെ സ്വത്തിടപാടുകളില്‍ മുന്‍കൂര്‍ പ്രാബാല്യത്തോടെ നികുതി ഈടാക്കാനായി 2012 ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പൊളിച്ചെഴുതുകയാണ് കേന്ദ്ര സര്‍്ക്കാര്‍ ചെയ്യുന്നത്. ആദായ നികുതി നിയമം 1961 ഭേദഗതി ചെയ്യുവാനുള്ളതാണ് ബില്‍. ഇത് പ്രകാരം ഭാവിയില്‍ ഇടപാടുകള്‍ക്ക് മുന്‍കൂര്‍ നികുതി ഈടാക്കുന്നത് ഒഴിവാക്കപ്പെടും. ഇന്ത്യന്‍ കമ്പനികളില്‍ നിന്നും ആസ്തികള്‍ സ്വീകരിച്ചിരിക്കുന്ന അന്താരാഷ്ട്ര കമ്പനികള്‍ വലിയ തുക നല്‍കണമെന്നതായിരുന്നു നിര്‍ദേശം. യു.കെ ആസ്ഥാനമായുള്ള ടെലികോം കമ്പനി വോഡഫോണ്‍, ഓയില്‍ ഗ്യാസ് പര്യവേക്ഷക കമ്പനിയായ കെയിന്‍ എന്നിവയില്‍ നിന്ന് ഈടാക്കിയ നികുതി പണം തിരിച്ചു നല്‍കാന്‍ വഴിയൊരുക്കുന്നതാണ് നിയമം.

2012 മെയ് മാസത്തിന് മുമ്പ് ഇന്ത്യന്‍ സ്വത്തുക്കളുടെ പരോക്ഷ കൈമാറ്റത്തിന്മേലുള്ള നികുതികള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഒഴിവാക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. മുന്‍കാല നികുതി സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്ക് പലിശയും ചെലവുകളും ഇല്ലാതെ റീഫണ്ട് ചെയ്യാന്‍ ഇന്നത്തെ തീരുമാനം അനുവദിക്കും. ഇത് വോഡഫോണ്‍ കമ്പനിയ്ക്ക് ഏറെ ആശ്വാസകരമാകും. ലൈസന്‍സ് ഫീ ഇനത്തിലും സ്പെക്ട്രം ഫീ ഇനത്തിലും 22,000 കോടി രൂപ വോഡഫോണ്‍ സര്‍ക്കാറിന് നല്‍കേണ്ടതായുണ്ട്.

2012 മേയില്‍ ഇന്ത്യയിലെ സ്വത്തുക്കള്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഈടാക്കിയ നികുതി ഒഴിവാക്കാന്‍ ആദായ നികുതി നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. 2012ല്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ അവതരിപ്പിച്ച റെട്രോസ്‌പെക്ടീവ് നികുതി നിയമപ്രകാരം ഹച്ചിന്‍സണ്‍ കമ്പനിയുടെ സ്വത്തുക്കള്‍ വോഡഫോണ്‍ കമ്പനി ഏറ്റെടുത്ത വകയില്‍ 11,000 കോടി രൂപ നികുതിയായി ഈടാക്കിയിരുന്നു.

സമാനമായ സ്വത്ത് ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് കെയിന്‍ കമ്പനിയില്‍ നിന്ന് 8800 കോടി രൂപയും നികുതിയായി ഈടാക്കി. ഇതിനെതിരെ ഇരുകമ്പനികളും അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ കേസില്‍ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിലാണ് നിയമം ഒഴിവാക്കുന്നത്. ഈ നിയമം തുടരുന്നത് സാമ്പത്തിക പുരോഗതിയെയും വിദേശ നിക്ഷേപത്തെയും ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിയമഭേദഗതി. മുന്‍കാല നികുതി ക്ലെയിമുകളുടെ പേരില്‍ കമ്പനികള്‍ക്കെതിരെയുള്ള ഇത്തരം ഒരു ഡസനിലധികം കേസുകളില്‍ ഇന്ത്യയിലുണ്ട്.

Author

Related Articles