News

മന്ത്രാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ ടെലികോം സേവനം ഉപയോഗിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍; പകരം ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ സേവനങ്ങള്‍ മാത്രം

ന്യൂഡല്‍ഹി: എല്ലാ മന്ത്രാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ ടെലികോം സേവനം ഉപയോഗിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുടെ സേവനം മാത്രം ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. ഭരണഘടനാ പദവിയുള്ള സ്ഥാപനങ്ങള്‍ക്കടക്കം ഈ നിയന്ത്രണം ബാധകമാണ്.

ഒക്ടോബര്‍ 12 ന് പുറപ്പെടുവിച്ച വിജ്ഞാപനം എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും അയച്ചു. ധനകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷമാണ് കേന്ദ്ര ടെലികോം മന്ത്രാലയം നിലപാടെടുത്തത്. കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തോടെയാണ് തീരുമാനം. ഇത് നിലവില്‍ നഷ്ടം നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണ്.

2019 - 20 സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്എന്‍എല്ലിന്റെ നഷ്ടം 15500 കോടിയും എംടിഎന്‍എല്ലിന്റെ നഷ്ടം 3694 കോടിയുമായിരുന്നു. 2008 നവംബറില്‍ 2.9 കോടി ഉപഭോക്താക്കളുണ്ടായിരുന്ന ബിഎസ്എന്‍എല്ലിന് നിലവില്‍ 80 ലക്ഷം ഉപഭോക്താക്കള്‍ മാത്രമേയുള്ളൂ. എംടിഎന്‍എല്ലിന്റെ ഫിക്സ്ഡ് ലൈന്‍ ഉപഭോക്താക്കളുടെ എണ്ണം 2008 നവംബറില്‍ 35.4 ലക്ഷമായിരുന്നത് ഇക്കഴിഞ്ഞ ജൂലൈയില്‍ 30.7 ലക്ഷമായി ഇടിഞ്ഞു.

നിലവില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി 8500 കോടി ബിഎസ്എന്‍എല്‍ ബോണ്ടുകളിലൂടെ സമാഹരിച്ചിട്ടുണ്ട്. എംടിഎന്‍എല്ലിന്റെ 6500 കോടി സമാഹരിക്കാനുള്ള നീക്കങ്ങള്‍ ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. 2019 ഒക്ടോബറില്‍ ഇതിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു.

Author

Related Articles