News

രൂപ-റൂബിള്‍ വ്യാപാരം നടത്താന്‍ ഒരുങ്ങി സര്‍ക്കാര്‍; ലക്ഷ്യം ഈ മേഖലകള്‍

ഡോളര്‍, യൂറോ പോലുള്ള ആഗോള വിനിമയ കറന്‍സികള്‍ ഒഴിവാക്കി രൂപയിലും റൂബിളിലും വ്യാപാരം നടത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. യുഎസും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത കാര്‍ഷികം, ഊര്‍ജം, ഫാര്‍മ മേഖലകളിലാകും പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്തുന്ന കാര്യം പരിഗണിക്കുക. ഉപരോധം മറികടക്കുകയാണെന്ന സൂചന ഒഴിവാക്കാന്‍ മറ്റുമേഖലകളിലെ വ്യാപാരത്തിന് പ്രാദേശിക കറന്‍സികള്‍ തല്‍ക്കാലം ഉപയോഗിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യയിലേയ്ക്കുള്ള കയറ്റുമതിക്ക് ഡോളറോ യൂറോയോ പോലുള്ള അന്താരാഷ്ട്ര കറന്‍സികള്‍ക്കുപകരം ഇന്ത്യന്‍ രൂപയില്‍ പണമിടപാട് നടത്താന്‍ രാജ്യത്തെ വ്യാപാരികളെ അനുവദിക്കുന്ന സംവിധാനമാണിത്. ഇത് സാധ്യമാകണമെങ്കില്‍ റഷ്യന്‍ ബാങ്ക് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് തുറക്കണം. അതുപോലെതന്നെ ഇന്ത്യന്‍ ബാങ്ക് റഷ്യന്‍ ബാങ്കിലും അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്.

ഇരുകക്ഷികളും അവരുടെ അക്കൗണ്ടുകളില്‍ പ്രാദേശിക കറന്‍സികളില്‍ നിശ്ചിത മൂല്യമുള്ള തുക കൈവശം വെയ്ക്കാന്‍ പരസ്പര ധാരണയുണ്ടാക്കണം. ഡോളറിലും യൂറോയിലുമാകും മൂല്യം പറയുകയെങ്കിലും അതിന് സമാനമായ രൂപയുടെയും റൂബിളിന്റെയും മൂല്യം ഇരുരാജ്യങ്ങളും കണക്കാക്കേണ്ടതുണ്ട്. സംവിധാനം നിലവില്‍ വന്നാല്‍, രാജ്യത്തെ ഇറക്കുമതിക്കാര്‍ക്ക് ഇന്ത്യയിലെ റഷ്യന്‍ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് രൂപയും റഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് റഷ്യയിലെ ഇന്ത്യന്‍ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് റൂബിളും നല്‍കാന്‍ കഴിയും.

തേയിലയുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് നേരത്തെ രൂപ-റൂബിള്‍ പേയ്മെന്റ് സംവിധാനത്തിന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതിലുള്ള നീക്കം പിന്നീടുണ്ടായില്ല. 2012ല്‍ വിവിധ പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനുമേല്‍ സാമ്പത്തിക ഉപരോധം കൊണ്ടുവന്നപ്പോല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് രൂപ-റിയാല്‍ പണമിടപാട് സംവിധാനം വിജയകരമായി നടപ്പാക്കിയിരുന്നു.

നിലവില്‍ റൂബിളിന്റെ മൂല്യത്തിലുള്ള കനത്ത ചാഞ്ചാട്ടം രൂപ-റൂബിള്‍ പേയ്മെന്റ് സംവിധാനം നടപ്പാക്കുന്നത് പ്രതിസന്ധിയിലാക്കും. രൂപയ്ക്കും റൂബിളിനുമിടയില്‍ ന്യായമായ വിനിമയ നിരക്ക് തീരുമാനിക്കുകയെന്നതാണ് നേരിടുന്ന പ്രധാന പ്രതിസന്ധി. റൂബിളിന്റെ മൂല്യം കുത്തനെ ഇടിയുന്നത് തുടര്‍ന്നാല്‍, ഇന്ത്യന്‍ ബാങ്കിന്റെ റഷ്യയിലെ അക്കൗണ്ടിലെ റൂബിളിന്റെ മൂല്യം വന്‍തോതില്‍ താഴേയ്ക്കു പതിക്കുകയും വ്യാപാരം തടസ്സപ്പെടുകയും ചെയ്യും.

Author

Related Articles