News

കുതിച്ചുയര്‍ന്ന് പണപ്പെരുപ്പം; മൂലധനച്ചെലവ് വെട്ടിക്കുറക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പണപ്പെരുപ്പത്തിനിടയിലും മൂലധനച്ചെലവ് വെട്ടിക്കുറക്കില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ധനകാര്യ സെക്രട്ടറി ടിവി സോമനാഥനാണ് ഇക്കാര്യം അറിയിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുമായി റിസര്‍വ് ബാങ്ക് മുന്നോട്ട് പോകുന്നതിനിടെ ധനകാര്യ നയത്തില്‍ മാറ്റം വേണമെന്ന് ചില വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ധനനയത്തില്‍ തല്‍ക്കാലത്തേക്ക് മാറ്റം വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ദീര്‍ഘകാലത്തേക്കുള്ള വളര്‍ച്ചക്ക് മൂലധന നിക്ഷേപം ആവശ്യമാണ്. ഹ്രസ്വകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അതില്‍ നിന്നും മാറി നില്‍ക്കാനാവില്ല. 2023 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ലക്ഷം കോടിയാണ് കേന്ദ്രസര്‍ക്കാറിന്റെ മൂലധനച്ചെലവ്. കഴിഞ്ഞ വര്‍ഷം ഇത് 6.03 ലക്ഷം കോടി രൂപയായിരുന്നു. മൂലധനച്ചെലവ് വെട്ടിക്കുറച്ചാല്‍ അത് ദീര്‍ഘകാല ലക്ഷ്യങ്ങളെ ബാധിക്കും. ഇതുമൂലം വിവിധ സെക്ടറുകളിലെ പ്രൊജക്ടുകള്‍ക്ക് ദോഷമുണ്ടാകും. റോഡ്, റെയില്‍വേ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ജിഡിപിയുടെ 6.8 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ധനകമ്മി. എന്നാല്‍, യുക്രെയ്ന്‍ സംഘര്‍ഷം മൂലം രാസവളത്തിന് ഉള്‍പ്പടെ നല്‍കുന്ന സബ്‌സിഡി വര്‍ധിപ്പിക്കേണ്ടി വരുമെന്നും ഇതുമൂലം ധനകമ്മി ഇനിയും വര്‍ധിക്കുമെന്ന വിലയിരുത്തലും കേന്ദ്രസര്‍ക്കാറിനുണ്ട്. നേരത്തെ അപ്രതീക്ഷിത നീക്കത്തിലൂടെ റിസര്‍വ് ബാങ്ക് വായ്പ പലിശനിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. റിപ്പോ നിരക്ക് 0.4 ശതമാനമാണ് ഉയര്‍ത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി.

News Desk
Author

Related Articles