News

ഹോളിവുഡ് സിനിമ അവഞ്ചേഴ്‌സിന് മുടക്കുമുതല്‍ 2443 കോടിയെങ്കില്‍ ചന്ദ്രയാന്‍ 2വിന് 'വെറും' 978 കോടിയെന്നോര്‍പ്പിച്ച് സമൂഹ മാധ്യമം; 48 ദിവസത്തിനകം വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുമെന്ന് ഐഎസ്ആര്‍ഒ

രാജ്യമാകെ ചന്ദ്രയാനെ പറ്റി ചര്‍ച്ചയാകുമ്പോഴാണ് ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയുടെ മുടക്കു മുതലിനെ പറ്റിയും ചൂടന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഹോളിവുഡ് ചിത്രപമായ അവഞ്ചേഴ്‌സിന് മുടക്കിയത് 2443 കോടിയെങ്കില്‍ ആകെ 978 കോടിയാണ് ചന്ദ്രയാന്‍ 2വിന് മുടക്കിയതെന്നും സമൂഹ മാധ്യമത്തില്‍ പോസ്റ്റുകള്‍ നിറയുകയാണ്. പദ്ധതിയുടെ ആദ്യഘട്ടം വിജയകരമാണെന്നും 16ാം മിനിറ്റില്‍ പേടകം ഭൂമിയില്‍ നിന്ന് 181.616 കിലോമീറ്റര്‍ അകലെയുള്ള ആദ്യ ഭ്രമണപഥത്തില്‍ എത്തിയെന്നും ഐഎസ്ആര്‍ഒ അധികൃതര്‍ വ്യക്തമാക്കി. 

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് ഉച്ചയ്ക്ക്  2.43നാണ് വിക്ഷേപിച്ചത്. ചന്ദ്രയാന്‍ 2 വഹിച്ചുയരുന്ന ജിഎസ്എല്‍വിയുടെ മാര്‍ക്ക് 3 /എം1 റോക്കറ്റിന്റെ ലോഞ്ച് റിഹേഴ്‌സല്‍ ഈ മാസം 20ന് പൂര്‍ത്തിയായിരുന്നു.   വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബര്‍ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.7500ഓളം ആളുകളാണ് വിക്ഷേപണം കാണാന്‍ എത്തിയിരുന്നത്. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ വഴി വിക്ഷേപണം കാണാനുള്ള അവസരമുണ്ടായിരുന്നു.

ചന്ദ്രയാന്‍ 2 ന്റെ ഏറ്റവും വലിയ നേട്ടം പദ്ധതിയുടെ ആകെ ചെലവ് തന്നെയാണ്. അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം, അവതാരം തുടങ്ങി ഏറ്റവും ചെലവേറിയ ഹോളിവുഡ് സിനിമകളേക്കാള്‍ ചുരുങ്ങിയ തുകയ്ക്കാണ് ചന്ദ്രയാന്‍ 2 ദൗത്യം നടക്കുന്നത്. ചന്ദ്രയാന്‍ 2 ന്റെ മൊത്തം ചെലവ് 978 കോടി രൂപയാണ്. ഇതില്‍ 603 കോടി രൂപ മിഷന്‍ ചെലവും 375 കോടി രൂപയും ജിഎസ്എല്‍വി എംകെ മൂന്നാമന്റെ ചെലവുമാണ്. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം നിര്‍മ്മിച്ചത് 2,443 കോടി രൂപ ചെലവിലാണ്. 

2009 ല്‍ പുറത്തിറങ്ങിയ ഹോളിവുഡിന്റെ എറ്റവും ചെലവേറിയ ചിത്രമായ അവതാര്‍ 3,282 കോടിയിലധികം രൂപ ചെലവിട്ടായിരുന്നു. ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ ചന്ദ്ര പര്യവേക്ഷണമാണിത്. ചന്ദ്രയാന്‍ ഒന്നിന് പത്തു വര്‍ഷം മുന്‍പ് മുടക്കിയത് വെറും 386 കോടിയാണെങ്കില്‍ ഇന്ന് യാത്ര പുറപ്പെട്ട ചന്ദ്രയാന്റെ ചെലവ് 978 കോടി രൂപയാണ്. ഇതാണ് ലോകരാജ്യങ്ങളെ വിസ്മയിപ്പിക്കുന്നത്. 386 കോടി മുടക്കിയുള്ള ചന്ദ്രയാന്‍ ഒന്ന് ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയപ്പോള്‍ ലോകം അംഗീകരിച്ചാണ് ഐഎസ്ആര്‍ഒയുടെ മികവിനെ. ഇത്രയും കുറഞ്ഞ മുതല്‍ മുടക്കില്‍  ചന്ദ്രയാന്‍ രണ്ട് പറന്നുയര്‍ന്നപ്പോള്‍ ലോകം പ്രതീക്ഷയോടെ നോക്കിയിരുന്നതും ഈ നേട്ടം കൊണ്ടാണ്.

Author

Related Articles