News

റഷ്യ-യുക്രൈന്‍ യുദ്ധം: രാസവളത്തിന്റെ വില വര്‍ധിക്കുന്നു; കര്‍ഷകര്‍ ദുരിതത്തില്‍

റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതോടെ പ്രകൃതി വാതകത്തിന്റെ ദൗര്‍ലഭ്യവും വിലക്കയറ്റവും കാരണം രാസവള നിര്‍മാണ കമ്പനികളില്‍ ചിലത് ഉല്‍പന്ന വിലകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇത് കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രമുഖ വളം ഉല്‍പ്പാദകരായ ഇഫ്കോ ഡൈ അമ്മോണിയം ഫോസ്‌ഫേറ്റിന്റെ വില 50 കിലോ ചാക്കിനു 1200 രൂപയില്‍ നിന്ന് 1350 രൂപയായി വര്‍ധിപ്പിച്ചു.

എന്‍പികെഎസ് വളത്തിന്റെ വില 1290 രൂപയില്‍ നിന്ന് 1400 രൂപയായി ഉയര്‍ത്തി. എന്‍പികെ 1, 2 വിഭാഗത്തില്‍ പെട്ട വളങ്ങളുടെ വില ചാക്കിന് 20 രൂപ വില വര്‍ധിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാസവള കമ്പനികള്‍ക്ക് സബ്സിഡി ഏപ്രില്‍ മാസത്തില്‍ അനുവദിക്കുമെന്ന് പ്രതീക്ഷയിലാണ്. അമോണിയയുടെ ഇറക്കുമതി വില ടണ്ണിന് 150 ഡോളര്‍ ഉയര്‍ന്നിട്ടുണ്ട്, പൊട്ടാസിയം വില ടണ്ണിന് 220 ഡോളര്‍ വര്‍ധിച്ചിട്ടുണ്ട്. ജൂണിലും, ഒക്ടോബറിലും പ്രഖ്യാപിച്ച സബ്സിഡി ഇപ്പോഴുള്ള വിലക്കയറ്റത്തില്‍ അപര്യാപ്തമാകും.

കാര്‍ഷിക മേഖലയില്‍ യൂറിയ കഴിഞ്ഞാല്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന രാസവളമാണ് ഡിഎപി. സെപ്റ്റംബറില്‍ രാജ്യത്തെ ഡിഎപി 2.07 ദശലക്ഷം ടണ്ണായിരുന്നു. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 59 ശതമാനം കുറവായിരുന്നു. എന്‍പികെഎസ് സ്റ്റോക്ക് 3.24 ദശലക്ഷം ടണ്‍ എന്നത് 10 ശതമാനം മുന്‍ വര്‍ഷത്തെക്കാള്‍ കുറവാണ്.

അതേസമയം രാസവസ്തുക്കളുടെ വില വര്‍ധനവും, പ്രകൃതി വാതകത്തിന്റെ വില ഉയര്‍ന്നതും പൊതുമേഖല സ്ഥാപനമായ എഫ്എസിടിയെ ബാധിച്ചിട്ടില്ല. ഓയില്‍ ഇന്ത്യ-ഗെയില്‍-ബിപിസിഎല്‍ എന്നീ കമ്പനികളില്‍ നിന്ന് സംയോജിതമായി പ്രകൃതി വാതകം നിലവിലുള്ള വിലയില്‍ ഒരു വര്‍ഷം കൂടി ലഭ്യമാക്കാന്‍ അവശ്യപെട്ടിട്ടുണ്ട്. വര്‍ധിച്ച വളത്തിന്റെ ആവശ്യകത മൂലം 2022-23 ല്‍ 20 ശതമാനം വളര്‍ച്ചയാണ് എഫ്എസിടി പ്രതീക്ഷിക്കുന്നത്. മൊത്തം വിറ്റ് വരവ് 5000 കോടി രൂപയായി ഉയര്‍ന്നേക്കാമെന്നാണ് എന്നാണ് പ്രതീക്ഷ.

Author

Related Articles