News

കൊറോണയില്‍ പതറാതെ ചൈന; ചൈനയുടെ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയില്‍

ബീജിങ്: കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയില്‍ ആയിരുന്നു. കൊവിഡ്19 തുടക്കത്തില്‍ ഏറ്റവും അധികം ബാധിച്ചതും ചൈനയെ തന്നെ ആയിരുന്നു. രോഗബാധിതരുടേയും മരിച്ചവരുടേയും കാര്യത്തില്‍ മാത്രമല്ല, സമ്പദ് വ്യവസ്ഥയുടേയും കാര്യത്തില്‍ അങ്ങനെ തന്നെ ആയിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ലോകത്തിന് തന്നെ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ മികച്ച സാമ്പത്തിക വളര്‍ച്ചയാണ് ചൈന ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ചൈന കൊറോണയുടെ പ്രത്യാഘാതങ്ങളെ മറികടന്നു എന്ന് കരുതാറായിട്ടില്ല.

2018 രണ്ടാം പാദം മുതലേ ചൈനീസ് സമ്പദ്ഘടന ഇടിവിന്റെ വഴിയിലാണ്. എന്നാല്‍ അത്ര വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നായിരുന്നില്ല അത്. 2019 ന്റെ അവസാന പാദം എത്തുമ്പോഴേക്കും ക്രമാനുഗതമായ ഇടിവിനെ മറികടക്കാനുള്ള പദ്ധതികള്‍ ഒരുക്കുകയായിരുന്നു അവര്‍. എന്നാല്‍ കൊറോണ വൈറസ് ചൈനീസ് സമ്പദ് വ്യവസ്ഥയോട് ചെയ്തത് അവരുടെ സാമ്പത്തിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രൂരതയായിരുന്നു. ജിഡിപി കുറഞ്ഞത് 6.8 ശതമാനം ആയിരുന്നു. (1992 മുതലാണ് ചൈന പാദവാര്‍ഷിക സാമ്പത്തിക വളര്‍ച്ച ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങിയത്).

കൊറോണവൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണുകള്‍ പിന്‍വലിച്ചുതുടങ്ങയപ്പോള്‍ തന്നെ ചൈന തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജുകളും ഏറെ സഹായകമായി. 2020 ന്റ രണ്ടാം പാദത്തില്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 3.2 ശതമാനമായി.

സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ , ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് റോയിറ്റേഴ്സ് ഒരു സര്‍വ്വേ നടത്തിയിരുന്നു. ഈ സര്‍വ്വേ പ്രകാരം ചൈന ഈ പാദത്തില്‍ പരമാവധി ഉണ്ടാക്കിയേക്കാവുന്ന വളര്‍ച്ച 2.5 ശതമാനം ആയിരിക്കും എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ആ പ്രവചനങ്ങള്‍ എല്ലാം ഇപ്പോള്‍ അസ്ഥാനത്തായിരിക്കുകയാണ്.

ചൈനീസ് സമ്പദ്ഘടനയില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ തന്നെയാണ് പ്രകടമാകുന്നത്. പഴയ രീതിയിലുള്ള ജിഡിപി വളര്‍ച്ചയിലേക്ക് എത്തണമെങ്കില്‍ പക്ഷേ, ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരും എന്ന് ഉറപ്പാണ്. അതേസമയം ഡോളര്‍ അടിസ്ഥാനമാക്കിയുള്ള ഇറക്കുമതി/കയറ്റുമതി ബിസിനസ്സുകളില്‍ ഇപ്പോള്‍ ഉള്ള ഉണര്‍വ്വ് ചൈനയെ സംബന്ധിച്ച് പ്രതീക്ഷാനിര്‍ഭരമാണ്.

കൊറോണവൈറസ് ആഗോളസമൂഹത്തിന് മുന്നില്‍ ചൈനയ്ക്കുണ്ടാക്കിയ ചീത്തപ്പേര് ചെറുതല്ല. ഇത് അവരുടെ സാമ്പത്തിക വളര്‍ച്ചയെ ദീര്‍ഘകാലം വേട്ടയാടിയേക്കും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ആഭ്യന്തര ഉത്പാദനം വര്‍ദ്ധിച്ചതുകൊണ്ടുമാത്രം ചൈനയെ പോലെ ഒരു രാജ്യത്തിന് അവരുടെ പഴയ പ്രതാപം ഇക്കാലത്ത് തിരിച്ചുപിടിക്കാന്‍ ആവില്ല.

ചൈനയിലെ ആഭ്യന്തര ഉപഭോഗം ഇപ്പോഴും വലിയ ഇടില്‍ തന്നെ ആണ്. ചില്ലറ വിപണിയില്‍ 1.8 ശതമാനത്തിന്റെ ഇടിവാണ് ഇപ്പോഴുള്ളത്. റോയിട്ടേഴ്സ് സര്‍വ്വേ പ്രകാരം 0.3 ശതമാനം വര്‍ദ്ധനയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു ചൈന. മെയ് മാസത്തില്‍ ചില്ലറ വില്‍പന 2.8 ശതമാനം ഇടിഞ്ഞിരുന്നു.

ഇതിനിടയിലാണ് ഇന്ത്യ ചൈനയ്ക്ക് നല്‍കിയ തിരിച്ചടികള്‍. പ്രമുഖ മൊബൈല്‍ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് മാത്രമല്ല കാര്യം. ഇന്ത്യയില്‍ പ്രകടമാകുന്ന ചൈനീസ് ഉത്പന്ന ബഹിഷ്‌കരണവും ചൈനീസ് സമ്പദ്ഘടനയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും എന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

Author

Related Articles