News

റഷ്യ-ഉക്രൈന്‍ സംഘര്‍ഷം: അവസരം മുതലാക്കി ചൈന; വന്‍ സാമ്പത്തിക നേട്ടം

മോസ്‌കോയ്ക്കെതിരായ പാശ്ചാത്യരുടെ ഉപരോധങ്ങള്‍ വ്യാപകമാണ്. ഏകപക്ഷീയമായി ഇത്തരമൊരു ഉപരോധം ഏര്‍പ്പെടുത്തുന്നത് സമീപകാല ചരിത്രത്തില്‍ കേട്ടിട്ടില്ലാത്തതുമാണ്. പക്ഷേ ഈ സാഹചര്യം മുതലെടുക്കാനുള്ള വലിയ അവസരമാണ് ചൈനയ്ക്ക് കൈവന്നിരിക്കുന്നത്. റഷ്യയ്ക്കെതിരായ ഉപരോധം സൃഷ്ടിച്ച സാമ്പത്തിക ശൂന്യത, ചൈനയ്ക്ക് സ്വന്തം നേട്ടങ്ങള്‍ക്കായി സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ അവസരമൊരുക്കി. ഫെബ്രുവരിയില്‍, സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ, ചൈന, റഷ്യയില്‍ നിന്നുള്ള ഗോതമ്പ് ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചൈനയ്ക്ക് 10 ബില്യണ്‍ ക്യുബിക് മീറ്റര്‍ ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള ഊര്‍ജ്ജ സഹകരണ കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു.

അതേസമയം, ഉക്രൈനുമായുള്ള അടുത്ത പ്രതിരോധ ബന്ധം ചൈന മുതലെടുക്കുകയും റഷ്യയെ നേരിടാന്‍ രാജ്യത്തിന് ഡ്രോണുകള്‍ നല്‍കുകയും ചെയ്തു. ചൈനീസ് കമ്പനിയായ ഡിജെഐ നിര്‍മ്മിച്ച ഡ്രോണുകള്‍ റഷ്യയ്ക്കെതിരെ ഉക്രൈന്‍ സേന ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ച് 20 ന് റഷ്യയിലെ ചൈനയുടെ അംബാസഡര്‍ ഷാങ് ഹാന്‍ഹുയി, റഷ്യന്‍ വിപണികളിലെ 'അവസരം' മുതലെടുക്കാനും വിടവ് നികത്താനും ചൈനീസ് ബിസിനസ്സ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. അതേ ദിവസം, ചൈനയുടെ വടക്കുകിഴക്കന്‍ ഹീലോങ്ജിയാങ് പ്രവിശ്യയിലെ പാര്‍ട്ടി സെക്രട്ടറി സൂ ക്വിന്‍, റഷ്യയുമായി പ്രവിശ്യയുടെ ത്വരിതവും ആഴത്തിലുള്ളതുമായ സഹകരണത്തിനും ആഹ്വാനം ചെയ്തു.

ഏറ്റവും സമര്‍ത്ഥമായതും എന്നാല്‍ വഞ്ചനാപരമായതുമായ ചൈനീസ് ബിസിനസ്സ് തന്ത്രം, വിദേശ വിനിമയ നിരക്ക് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതാണ്. ഇത് യുവാനെതിരെ റൂബിളിന്റെ മൂല്യം വേഗത്തില്‍ കുറയാന്‍ ഇടയാക്കുകയും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വില കുറഞ്ഞതാക്കുകയും ചെയ്തു. ചൈന ഇതിലൂടെ വില കുറഞ്ഞ റഷ്യന്‍ ഇറക്കുമതിയുടെ ഒരു വലിയ ഉപഭോക്താവായി ചൈനീസ് സമ്പദ്വ്യവസ്ഥയെ ശക്തമാക്കി.

ഈ പ്രക്രിയയില്‍ ബെയ്ജിംഗ് സ്വന്തം ഇറക്കുമതി ബില്ലുകള്‍ കുറച്ചു. അതേ സമയം ചൈന യൂണിയന്‍ പേയില്‍ മെച്ചപ്പെടുത്തിയ വ്യാപാരം നടത്തി. റഷ്യന്‍ ബാങ്കുകള്‍ക്ക് അവരുടെ കാര്‍ഡുകള്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകള്‍ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഇഷ്ടപ്പെട്ട പേയ്മെന്റ് സംവിധാനമായി ചൈന യൂണിയന്‍ പേ ഉയര്‍ന്നുവരുകയാണ്. ചൈന യൂണിയന്‍ പേ വഴി ആഗോളതലത്തില്‍ തങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ ചൈന ഈ അവസരം മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. എങ്കിലും ചൈനയില്‍ നിന്ന് ഫണ്ടുകള്‍ കടത്താനുള്ള നീക്കം എന്ന നിലയില്‍ നെറ്റ്വര്‍ക്കിനെതിരെ ചില വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.

പ്രതിരോധ സഹകരണത്തിന്റെ കാര്യത്തില്‍, മോസ്‌കോയെക്കാള്‍ ബെയ്ജിംഗിന് ഇത് പ്രയോജനകരമാണ്. ചൈന സൈന്യത്തിന്റെ ആധുനികവല്‍ക്കരണം വേഗത്തിലാക്കാനുള്ള നീക്കത്തിലാണ്. തങ്ങളുടെ സൈന്യത്തെ നവീകരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ചൈന ആഗ്രഹിക്കുന്നു. എയര്‍ക്രാഫ്റ്റ് എഞ്ചിനുകളുടെ വില്‍പ്പനയും ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികളും സംയുക്ത വികസനവും ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. പ്രതിരോധ സഹകരണത്തിന്റെ സന്തുലിതാവസ്ഥ ചൈനയ്ക്ക് അനുകൂലമായി മാറുകയും റഷ്യന്‍ പ്രതിരോധ ഉല്‍പന്നങ്ങളുടെ റിവേഴ്‌സ് എഞ്ചിനീയറിംഗ് ചൈന ഏറ്റെടുക്കുകയും ചെയ്‌തേക്കാമെന്ന് പ്രതിരോധ വിദഗ്ധര്‍ ആരോപിച്ചു.

ചൈനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ സൈനികാവശ്യങ്ങള്‍ ക്രമീകരിക്കാന്‍ റഷ്യയെ 'ഉപയോഗിക്കുന്നതിനുള്ള' അവസരം ചൈനയ്ക്ക് നഷ്ടമാകില്ലെന്ന് വിദഗ്ധര്‍ ആരോപിക്കുന്നു. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം സാമ്പത്തിക നേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്യാന്‍ ലക്ഷ്യമിട്ട്, ചൈനീസ് ചരക്ക് ഓപ്പറേറ്റര്‍മാര്‍ റഷ്യയിലേക്കും യൂറോപ്പിലേക്കും ബന്ധിപ്പിക്കുന്ന ട്രാന്‍സ്-കോണ്ടിനെന്റല്‍ ചരക്ക് ട്രെയിനുകളുടെ ഉപയോക്താക്കള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ചൈന യൂറോപ്പ് റെയില്‍വേ എക്‌സ്പ്രസ് അല്ലെങ്കില്‍ ചൈന റെയില്‍വേ എക്‌സ്പ്രസ് വഴി ചൈനീസ് നഗരങ്ങളിലേക്കും പുറത്തേക്കും സാധനങ്ങള്‍ കൊണ്ടുപോകുന്ന ഷിപ്പര്‍മാര്‍ക്കായി ഓപ്പറേറ്റര്‍മാര്‍ 'യുദ്ധ ഇന്‍ഷുറന്‍സ്' കവര്‍ ചെയ്യുന്നു. നെറ്റ്വര്‍ക്കിലെ എല്ലാ റഷ്യന്‍, യൂറോപ്യന്‍ ലക്ഷ്യസ്ഥാനങ്ങള്‍ക്കും ഇത് ബാധകമാണ്. ചൈന-യൂറോപ്പ് എക്‌സ്പ്രസ് ലൈന്‍ ഏകദേശം 70 ചൈനീസ് നഗരങ്ങളെ 23 യൂറോപ്യന്‍ രാജ്യങ്ങളിലെ 180 നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. സംഘര്‍ഷം ആരംഭിച്ചതിനുശേഷം, ചൈന-യൂറോപ്പ് എക്സ്പ്രസിലൂടെ ഷാങ്ഹായില്‍ നിന്ന് റഷ്യയിലേക്കുള്ള ചരക്ക് 20 ശതമാനം വര്‍ദ്ധിച്ചതായി ഷാങ്ഹായ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

Author

Related Articles