News

ട്രംപിന്റെ വ്യാപാര യുദ്ധത്തിനെതിരെ ഇന്ത്യയുമായി കൈകോര്‍ക്കാന്‍ ചൈന; ശതകോടികള്‍ കൊയ്യുന്ന ഇന്ത്യന്‍ ഔഷധ കയറ്റുമതിയ്ക്ക് നേട്ടമാകും; ചൈനയിലെ ഇന്ത്യന്‍ ഇറക്കുമതി 15 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന വ്യാപാര യുദ്ധത്തിനെതിരെ ഇന്ത്യയുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥയെ പറ്റി ഇന്ത്യ ചൈനയോട് ആശങ്കയറിയിച്ചിരിക്കുന്ന വേളയിലാണ് ഇക്കാര്യത്തില്‍ പരിഹാരത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താമെന്നും അമേരിക്കയുടെ ഏകപക്ഷീയതയ്‌ക്കെതിരേ പോരാടാന്‍ ഒന്നിച്ച് നില്‍ക്കണമെന്നും അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഔഷധ കയറ്റുമതിയില്‍ മികച്ചൊരു വിപണി സാധ്യമാക്കി തരണമെന്ന് ഇന്ത്യ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൈനയോട് ആവശ്യപ്പെട്ട് വരികയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെകണക്കുകള്‍ പ്രകാരം 95.5 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരത്തില്‍ 57 ബില്യണ്‍ യുഎസ് ഡോളറിന് മുകളിലേക്ക് കടന്ന വ്യാപാര കമ്മി പരിഹരിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 

'വ്യാപാര അസന്തുലിതാവസ്ഥയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളെ ചൈന വളരെയധികം വിലമതിക്കുന്നുവെന്ന്ും വ്യാപാരം സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ചൈന മനപ്പൂര്‍വം സൃഷ്ടിച്ചതല്ലെന്ന് ഇന്ത്യ നോക്കിക്കാണണമെന്നും  ചൈനീസ് അംബാസഡര്‍ സണ്‍ വീഡോംഗ് വ്യക്തമാക്കി. അരിയുടെയും പഞ്ചസാരയുടെയും ഇറക്കുമതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും ഇന്ത്യന്‍ ഔഷധങ്ങളുടെയും കാര്‍ഷികോല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള നീക്കം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ചൈനയുടെ ഇന്ത്യന്‍ ചരക്ക് ഇറക്കുമതി 15 ശതമാനം വര്‍ധിച്ചതായും കൂടുതല്‍ ഇന്ത്യന്‍ ചരക്കുകള്‍ ചൈനീസ് വിപണിയിലേക്ക് എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ഉടന്‍ തുറക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ ചൈനയിലേക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ഇരട്ടിയായി വര്‍ധിച്ചുവെന്നും ചൈന ചൂണ്ടിക്കാട്ടുന്നു. 

ചൈനയ്ക്കും ഇന്ത്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി ട്രംപ്

ഇന്ത്യക്കും ചൈനയ്ക്കും റഷ്യക്കുമെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗുരുതര ആരോപണം ഉന്നയിച്ചതിന്റെ അലയൊലികള്‍ അടങ്ങി വരവേയാണ് ചൈനയുടെ പുത്തന്‍ നീക്കം. ഈ രാജ്യങ്ങളില്‍ ശുദ്ധമായ വായുവോ വെള്ളമോ ഇല്ലെന്നും എന്നാല്‍ പരിസ്ഥിതി മലിനീകരണത്തിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കുകയോ ചെയ്യുന്നില്ലെന്നുമായിരുന്നു ട്രംപിന്റെ ആരോപണം. 

ഇംഗ്ലണ്ടിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ രൂക്ഷ വിമര്‍ശം. ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലൊന്നും ശുദ്ധമായ വായുവോ വെള്ളമോ ഇല്ല. ഈ രാജ്യങ്ങളിലെത്തിയാല്‍ ശുദ്ധവായു ശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ രാജ്യങ്ങള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നുമാണ് ട്രംപ് ആരോപിച്ചത്. 

ആഗോള താപനത്തിനെതിരേയുള്ള പാരിസ് ഉടമ്പടിക്കെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. ലോകത്ത് ഏറ്റവുമധികം മലിനീകരണമുണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലെയുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഇത്തരം നടപടികള്‍. അമേരിക്കയിലെ അന്തരീക്ഷം നല്ലതാണ്. ഇത് സര്‍വേ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Author

Related Articles