News

വായ്പ തിരിച്ചടച്ചില്ല; ഉഗാണ്ടയിലെ വിമാനത്താവളം പിടിച്ചെടുത്ത് ചൈന

വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ചൈനീസ് ഭരണകൂടം ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ വിമാനത്താവളം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഉഗാണ്ടയിലെ എന്റെബെ അന്താരാഷ്ട്ര വിമാനത്താവളം ചൈന പിടിച്ചെടുത്തതെന്നാണ് ആരോപണം. ഇതിന് പുറമെ ഉഗാണ്ടയിലെ വേറെയും സ്വത്തുക്കള്‍ ചൈന കൈക്കലാക്കിയതായി റിപ്പോര്‍ട്ട് ഉണ്ട്.

ഇതിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ ഉഗാണ്ടയിലെ പ്രസിഡന്റ് യൊവേരി മുസേവേനി ഒരു സംഘത്തെ ബീജിങിലേക്ക് അയച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ചൈനയിലെ എക്‌സിം ബാങ്കില്‍ നിന്ന് 207 ദശലക്ഷം ഡോളര്‍ നേരത്തെ ഉഗാണ്ട ഭരണകൂടം എന്റെബെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി കടമെടുത്തിരുന്നു.

20 വര്‍ഷത്തേക്കായിരുന്നു വായ്പയുടെ കാലാവധി. ഉഗാണ്ടയിലെ ആകെയുള്ള അന്താരാഷ്ട്ര വിമാനത്താവളമാണ് എന്റെബെ. ഒരു വര്‍ഷം 19 ലക്ഷം യാത്രക്കാരാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നത്. നേരത്തെ ചൈനയുമായി വിശദമായ പഠനം നടത്താതെ ഒപ്പുവെച്ച കരാറുകള്‍ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് ഇപ്പോള്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്.

Author

Related Articles