News

അനില്‍ അംബാനിയ്ക്ക് പണം കടം നല്‍കിയ ചൈനീസ് ബാങ്കുകള്‍ 49000 കോടി തിരിച്ച് പിടിക്കാന്‍ വിയര്‍ക്കും; സ്‌പെക്ട്രവും ടവറുകളും ലേലം ചെയ്താല്‍ പോലും 10,000 കോടിയ്ക്ക് മേല്‍ കിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ബെയ്ജിങ്: കടത്തില്‍ മുങ്ങി തകര്‍ച്ചയുടെ വക്കിലായ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ടവറുകളും സ്‌പെക്ട്രവും വിറ്റ് പണം കണ്ടെത്താം എന്ന ചൈനീസ് ബാങ്കുകളുടെ ശ്രമം ഫലപ്രദമാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അനില്‍ അംബാനി ഉടമയായ കമ്പനിയുടെ ടവറുകളും സ്‌പെക്ട്രവും വില്‍പന നടത്തിയാല്‍ പോലും 10,000 കോടി രൂപ മാത്രമേ ലഭിക്കൂവെന്നും ആകെ 49,000 കോടി രൂപയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന് ചൈനയിലെ ബാങ്കുകള്‍ കടം നല്‍കിയെന്നും അധികൃതര്‍ പറയുന്നു. ചൈനാ ഡവലപ്പ്‌മെന്റ് ബാങ്കിനും എക്‌സിം ബാങ്കിനും 13,256 കോടി രൂപയാണ് കടമായി നല്‍കാനുള്ളതെന്നും സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന് 2100 കോടി നല്‍കാനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും അനില്‍ അംബാനി വലിയൊരു തുക കടമെടുത്തിരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 4800 കോടി, ബാങ്ക് ഓഫ് ബറോഡ 2500 കോടി, സിന്‍ഡിക്കേറ്റ് ബാങ്ക് 1225 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക് 1127 കോടി എന്നിങ്ങനെയാണ് അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് കടം നല്‍കിയത്. നിലവില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഉടമസ്ഥതയിലുള്ള സ്‌പെക്ട്രം 2021ല്‍ സര്‍ക്കാരിലേക്ക് തിരികെ ചെല്ലേണ്ടതാണ്. പണം തിരിച്ച് പിടിക്കുന്ന നടപടികള്‍ വൈകിയാല്‍ 14 സര്‍ക്കിളുകളില്‍ പ്രവര്‍ത്തിക്കുന്ന 4 ജി സ്‌പെക്ട്രത്തിന്റെ മൂല്യം ഗണ്യമായി കുറയും. റിലയന്‍സ് കമ്മ്യൂണിക്കേഷന് രാജ്യത്താകെമാനം 43,000 ടെലികോം ടവറുകളും സ്‌പെക്ട്രവുമുണ്ട്. എന്നാല്‍ ഇത് വാങ്ങുന്നതിനായി എയര്‍ടെല്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 

സാമ്പത്തിക പ്രതിസന്ധിയിലായ സഹോദരന്‍ അനില്‍ അംബാനിയെ സഹായിക്കാന്‍ മുകേഷ് അംബാനി അടുത്തിടെ രംഗത്ത് വന്നിരുന്നു. 75000 കോടി കടമുള്ള അനില്‍ അംബാനിയുടെ ആസ്തികള്‍ ലേലത്തില്‍ വിളിച്ചെടുക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നീക്കം. ഇരുകമ്പനികളും ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. അനില്‍ അംബാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്(ആര്‍കോം) വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ആര്‍കോമിന്റെ ആസ്തികള്‍ക്കായി ലേലം വിളിക്കാന്‍ റിലയന്‍സ് ജിയോ പദ്ധതിയിട്ടിട്ടുണ്ട്. 

വിവിധ സര്‍ക്കിളുകളിലായി 5 ജി സര്‍വീസുകള്‍ തുടങ്ങാനിരിക്കുന്ന ജിയോക്ക് ആര്‍കോമിന്റെ ആസ്തികള്‍ ഉപയോഗപ്പെടുത്താനാകും. ആര്‍കോമിന്റെ എയര്‍വേവുകളും ടവറുകളും ലേലത്തിലൂടെ സ്വന്തമാക്കാന്‍ റിലയന്‍സ് ജിയോ താല്‍പ്പര്യപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നവി മുംബൈയിലെ അനിലിന്റെ സ്വത്ത് വാങ്ങാനും മൂത്ത സഹോദരന് താല്‍പ്പര്യമുണ്ട്. കൂടാതെ അനില്‍ അംബാനിയുടെ ധീരുഭായ് അംബാനി നോളജ് സിറ്റി (ഡികെസി) സ്വന്തമാക്കാനും ആഗ്രഹമുണ്ട്.

Author

Related Articles