News

ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് 20,000 കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങള്‍; അധികവും ഇലക്ട്രോണിക്‌സ്-ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍

മുംബൈ: ഇന്ത്യന്‍ തുറമുഖങ്ങളില്‍ ക്ലിയറന്‍സ് കാത്ത് കെട്ടിക്കിടക്കുന്നത് 20,000 കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങള്‍. ഇലക്ട്രോണിക്‌സ്, - ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗിഫ്റ്റുകള്‍, പാദരക്ഷകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിവയാണ് ഇതിലധികവും. കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ഡിസംബര്‍ വരെ ഓര്‍ഡര്‍ നല്‍കിയ ഉത്പന്നങ്ങളാണ് ഇപ്പോള്‍ തുറമുഖങ്ങളിലെത്തി കാത്തുകിടക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖാണ്ഡേല്‍വാള്‍ പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനുവരി മുതല്‍ ഫെബ്രുവരി വരെ ചൈനീസ് അതിര്‍ത്തികള്‍ അടച്ചിരുന്നു. അതിനുശേഷം ഇന്ത്യയില്‍ ലോക്ഡൗണ്‍ തുടങ്ങി. ഇതോടെ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ വന്നു. ഈ ഉത്പന്നങ്ങളാണ് ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. വരുന്ന രണ്ടു മൂന്നു മാസങ്ങളില്‍ ഉത്പന്നങ്ങളുടെ വരവ് കൂടുതലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മാര്‍ച്ചിനു ശേഷം വ്യാപാരികള്‍ പുതിയ ഓര്‍ഡര്‍ നല്‍കുന്നത് കുറച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ - ഓഗസ്റ്റ് കാലത്ത് ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി 2,158 കോടി ഡോളറിന്റേതാണെന്നാണ് (15,900 കോടി രൂപ) ഔദ്യോഗിക കണക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27.63 ശതമാനം കുറവാണിത്. ചൈനയില്‍നിന്ന് വിലകുറഞ്ഞ ഇലക്ട്രോണിക്‌സ് - ഇലക്ട്രിക് ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഗിഫ്റ്റുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ ഇറക്കുമതി കുറച്ചുകൊണ്ടുവരാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. പകരം വിയറ്റ്‌നാം, തയ്വാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കരാറുണ്ടാക്കാന്‍ ചര്‍ച്ചകള്‍ നടന്നുവരുന്നു.

ഇതോടൊപ്പം ഇന്ത്യയില്‍ ഇവയുടെ ഉത്പാദനം ഉയര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നു. 2017 - 18 ല്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ 16.4 ശതമാനമായിരുന്നു ചൈനയുടെ വിഹിതം. 2018 - 19 കാലത്ത് ഇത് 13.69 ശതമാനമായി കുറഞ്ഞു. 2009 - 10 കാലത്ത് 10.7 ശതമാനമായിരുന്നു ചൈനയുടെ ഇറക്കുമതി വിഹിതം.

Author

Related Articles