News

ക്ലേയ്‌സ് ആന്റ് സെറാമിക്‌സ് ലിമിറ്റഡ് വിജയ പാതയില്‍; നാലരമാസം കൊണ്ട് നേടിയത് 13.5 കോടി രൂപ

കണ്ണൂരിലെ പൊതുമേഖലാ വ്യവസായ സ്ഥാപനം ക്ലേയ്‌സ് ആന്റ് സെറാമിക്‌സ് ലിമിറ്റഡ് പെട്രോള്‍ പമ്പിലെ വരുമാനത്തിലൂടെ വലിയ തിരിച്ചുവരവാണ് നടത്തുന്നതെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. നാലരമാസം കൊണ്ട് പെട്രോള്‍ പമ്പ് വഴി 13.5 കോടി രൂപയുടെ വിറ്റുവരവ് നേടി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനം വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള പെട്രോള്‍ പമ്പ് എന്ന ഖ്യാതിയും നേടി.

പ്രതിദിനം 14000 ലിറ്റര്‍ ഇന്ധനം ഇവിടെ വില്‍ക്കുന്നു. അടുത്ത മൂന്ന് മാസം കൊണ്ട് പ്രതിദിന വില്‍പ്പന 20,000 ലിറ്ററാക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി അറിയിച്ചു. പാപ്പിനിശ്ശേരിയിലെ പമ്പിന്റെ വിജയകരമായ മുന്നേറ്റത്തെ തുടര്‍ന്ന് മൂന്ന് സ്ഥലങ്ങളില്‍ കൂടി പെട്രോള്‍ പമ്പ് ആരംഭിക്കാന്‍ ബിപിസിഎല്ലുമായി ധാരണയിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഗസറ്റ് 13നാണ് സംസ്ഥാന പൊതുമേഖലയിലെ ആദ്യ പെട്രോള്‍ പമ്പ് പാപ്പിനിശ്ശേരിയില്‍ തുറന്നത്. സ്ഥാപനത്തിന്റെ പ്രതിസന്ധി മൂലം തൊഴിലില്ലാതായ 33 ജീവനക്കാര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കാന്‍ സാധിച്ചതും വലിയ നേട്ടമാണ്.

ഹെഡ് ഓഫീസിനോട് ചേര്‍ന്ന് 40 സെന്റ് സ്ഥലത്താണ് പമ്പ് സ്ഥിതിചെയ്യുന്നത്. ഇതിനോടനുബന്ധിച്ച് മില്‍മ പാര്‍ലര്‍, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടത്താനുള്ള സ്റ്റാളുകള്‍ എന്നിവ ഒരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് നേരത്തെ മാങ്ങാട്ടുപറമ്പില്‍ ഐടി പാര്‍ക്ക് സ്ഥാപിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനം മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡും വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി പെട്രോള്‍ പമ്പ് തുറന്നിട്ടുണ്ട്.

Author

Related Articles