News

തൊഴിലവസരവുമായി കൊഗ്‌നിസന്റ്; 2021ല്‍ 23,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും

കൊഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് കോര്‍പ്പറേഷന്‍ അടുത്തിടെ രാജേഷ് നമ്പ്യാറെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി (സിഎംഡി) നിയമിച്ചു. ബുധനാഴ്ച കൊഗ്‌നിസന്റില്‍ പുതിയ ചുമതലയില്‍ ഒരു മാസം പൂര്‍ത്തിയാക്കിയ നമ്പ്യാര്‍ ഇന്ത്യയിലെ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന മുന്‍ഗണനകള്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കമ്പനിയുടെ നട്ടെല്ലാണ് ജീവനക്കാരെന്നും ഇന്ത്യയില്‍ 200,000 ലക്ഷത്തോളം ജീവനക്കാര്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രധാന മുന്‍ഗണന നല്‍കുന്നതായി രാജേഷ് നമ്പ്യാര്‍ പറഞ്ഞു. ഇന്ത്യയില്‍ കമ്പനിയെ ശക്തിപ്പെടുത്തുന്നതിന് പ്രസക്തമായ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, യൂണിവേഴ്‌സിറ്റികള്‍, നാസ്‌കോം ഉള്‍പ്പെടെയുള്ള പ്രധാന നയരൂപീകരണ സ്ഥാപനങ്ങള്‍ എന്നിവയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ താരതമ്യേന ചെറുതും എന്നാല്‍ ഉയര്‍ന്ന വളര്‍ച്ചയുള്ളതുമായ ഒരു വിപണിയാണ്. മറ്റേതൊരു വിപണിയെപ്പോലെ തന്നെ ഇന്ത്യയും ആകര്‍ഷകമാണ്. 2008-09 ല്‍ ഇന്ത്യയില്‍ ബിസിനസ് യൂണിറ്റ് സ്ഥാപിച്ചതു മുതല്‍, ഡിജിറ്റല്‍ സേവനങ്ങള്‍, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്, റീട്ടെയില്‍, ലൈഫ് സയന്‍സ്, നിര്‍മ്മാണം, വിദ്യാഭ്യാസം തുടങ്ങിയ വ്യവസായ മേഖലകളിലുടനീളം ഇന്ത്യ ഒരു ശക്തമായ വിപണിയാണ്. ഈ വ്യവസായങ്ങളിലുടനീളം നിലവില്‍ 90 ലധികം ഉപഭോക്താക്കള്‍ കമ്പനിയ്ക്കുണ്ടെന്നും ഇന്ത്യയിലെ ബിസിനസ്സ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കമ്പനി ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്നും രാജേഷ് നമ്പ്യാര്‍ പറഞ്ഞു.

ഇന്ത്യയിലെ ജീവനക്കാരുടെ സേവനങ്ങളില്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ആഗോള ജീവനക്കാരില്‍ 70 ശതമാനവും ഇന്ത്യയിലാണ്. ഇന്ത്യയിലുടനീളമുള്ള കാമ്പസുകളില്‍ നിന്ന് ഉയര്‍ന്ന നിലവാരമുള്ള എഞ്ചിനീയറിംഗ്, സയന്‍സ്, മാനേജ്‌മെന്റ് മേഖലകളിലെ പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന കമ്പനികളിലൊന്നാണ് കൊഗ്‌നിസന്റ്. ഈ വര്‍ഷം ക്യാമ്പസുകളില്‍ നിന്ന് ഏകദേശം 17,000 പേരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2021ല്‍ 23,000 ത്തോളം പേരെ ക്യാമ്പസുകളില്‍ നിന്ന് നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ സേവനങ്ങളായ - ക്ലൗഡ്, ഡാറ്റ, ഡിജിറ്റല്‍ എഞ്ചിനീയറിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), സൈബര്‍ സുരക്ഷ, സെയില്‍സ്‌ഫോഴ്‌സ്, ബിസിനസ് നവീകരണ സാങ്കേതികവിദ്യകള്‍ എന്നിവ പോലുള്ള മേഖലകളിലായിരിക്കും നിയമനം.

Author

Related Articles