News

ക്രിപ്റ്റോ കറന്‍സിക്കും ബെഞ്ച്മാര്‍ക്ക് സൂചിക വരുന്നു

ബിഎസ്ഇ, നിഫ്റ്റി ഓഹരി സൂചികകള്‍ പോലെ ക്രിപ്റ്റോ കറന്‍സിക്കും സൂചിക ആരംഭിച്ചിരിക്കുന്നു. കോയിന്‍സ്വിച്ച് എന്ന ക്രിപ്റ്റോ കമ്പനിയാണ് ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്തപെടുന്ന 8 ക്രിപ്റ്റോ കറന്‍സികള്‍ ഉള്‍പ്പെട്ട സൂചിക തയാറാക്കിയത്. ഈ 8 ക്രിപ്റ്റോകള്‍ വിപണിയുടെ 85 ശതമാനം മൂലധനവല്‍ക്കരണം നേടിയെടുത്തവയാണ്.

കോയിന്‍ സ്വിച്ച് ആപ്പില്‍ 18 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത് ഉപഭോക്താക്കള്‍ ഉണ്ട്. അവര്‍ നടത്തുന്ന യഥാര്‍ത്ഥ വ്യാപാരത്തെ അടിസ്ഥാനമാക്കിയാണ് സൂചിക വികസിപ്പിച്ചിരിക്കുന്നത്. വിപണിയില്‍ കൂടുതല്‍ സുതാര്യത കൊണ്ടു വരാനാണ് ഇങ്ങനെ ഒരു സൂചിക തയ്യാറാക്കിയതെന്ന്, കോയിന്‍സ്വിച്ച് സിഇഒ ആശിഷ് സിംഗാള്‍ പറഞ്ഞു.

കോയിന്‍ബേസ് വെഞ്ചേഴ്സ്, ടൈഗര്‍ ഗ്ലോബല്‍, സിക്കോയ ക്യാപിറ്റല്‍ തുടങ്ങിയ നിക്ഷേപകര്‍ കോയിന്‍സ്വിച്ചില്‍ പണം മുടക്കിയിട്ടുണ്ട്. 2017 ആഗോള ക്രിപ്റ്റോ എക്സ് ചേഞ്ചുകള്‍ക്ക് ഇന്ത്യയില്‍ ഒരു ജാലകമായി ആരംഭിച്ച കമ്പനി ജൂണ്‍ 2020 മുതല്‍ ക്രിപ്റ്റോ വിപണനം ഇന്ത്യന്‍ രൂപയില്‍ സാധ്യമാക്കി. യഥാര്‍ത്ഥ സമയത്ത് വ്യാപാരം നടക്കുന്നത് അനുസരിച്ച് ഓരോ മാസത്തിലും ത്രൈമാസത്തിലും സൂചിക പുനഃക്രമീകരിക്കും.

Author

Related Articles