News

ഇന്ത്യയിലെ ഉപഭോക്തൃ വികാര സൂചിക മെച്ചപ്പെടാന്‍ തുടങ്ങിയെന്ന് സിഎംഐഇ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉപഭോക്തൃ വികാരത്തിന്റെ സൂചിക മേയ് മധ്യത്തോടെ മെച്ചപ്പെടാന്‍ തുടങ്ങിയെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി. നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഗ്രാമീണ ഇന്ത്യയില്‍ കുത്തനേയുള്ള ഇടിവുണ്ടായി. മേയ് രണ്ടാം പകുതിയില്‍ ഇത് മെച്ചപ്പട്ടുവെങ്കിലും, കോവിഡ് രണ്ടാം തരംഗത്തിന് മുമ്പ് 2021 ഫെബ്രുവരിയിലോ മാര്‍ച്ചിലോ ഉണ്ടായിരുന്ന തലത്തിലേക്ക് തിരിച്ചെത്താന്‍ ഏറെ സഞ്ചരിക്കേണ്ടതുണ്ടെന്നും സിഎംഇഇ പ്രതിവാര തൊഴില്‍ വിപണി വിശകലനത്തില്‍ പറഞ്ഞു.   

ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉപഭോക്തൃ വികാരം തകര്‍ന്നു. എന്നാല്‍ അതിനു പിന്നാലെ തിരിച്ചുപോക്കും നടക്കുകയാണ് ഇപ്പോള്‍. മെയ് 16ന് അവസാനിച്ച ആഴ്ചയില്‍ സൂചിക 47.3 ആയിരുന്നു. ഇപ്പോള്‍ ജൂണ്‍ 13 ന് അവസാനിച്ച ആഴ്ചയില്‍ 48.9 ലെത്തി. ''സിഎംഐഇ പറഞ്ഞു. രാജ്യത്തുടനീളം വീണ്ടെടുപ്പ് മന്ദഗതിയിലാണ്. അതിലും അസമത്വങ്ങള്‍ പ്രകടമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സിഎംഐഇ ഡാറ്റ പ്രകാരം, ഉപഭോക്തൃ വികാരം വീണ്ടെടുക്കുന്നത് പ്രധാനമായും ഗ്രാമീണ ഇന്ത്യയിലാണ്. മെയ് 16 ന് അവസാനിച്ച ആഴ്ചയില്‍ ഏറ്റവും താഴ്ന്ന തലത്തിലേക്ക് എത്തിയ ശേഷം, ഗ്രാമീണ ഇന്ത്യയില്‍ ഉപഭോക്തൃ വികാരങ്ങളുടെ സൂചികയില്‍ 11.4 ശതമാനം ഉയര്‍ച്ചയുണ്ടായി. അതേ സമയം ജൂണ്‍ 13 ന് അവസാനിച്ച ആഴ്ചയിലേക്ക് എത്തുമ്പോള്‍ 9 ശതമാനം കുറവാണ് ഉണ്ടായത്.   

ഏപ്രില്‍, മെയ് മാസങ്ങളില്‍ നഗര ഇന്ത്യയിലെ ഉപഭോക്തൃ വികാരത്തിലുണ്ടായ ഇടിവ് 7.9 ശതമാനമാണ്. ഗ്രാമീണ ഇന്ത്യയുടെ കാര്യത്തില്‍ ഇത് 17.7 ശതമാനമാണ്. വൈറസിന്റെ വ്യാപനം, പരിമിതമായ ആരോഗ്യ സൗകര്യങ്ങള്‍, വാക്‌സിനുകളുടെ അഭാവം എന്നിവ ഗ്രാമീണ ഇന്ത്യയിലെ ജീവിതത്തിനും ഉപജീവനത്തിനും വലിയ നാശനഷ്ടമുണ്ടാക്കുന്നുവെന്ന നിരീക്ഷണത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് പുതിയ വിവരങ്ങളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

News Desk
Author

Related Articles