News

കേരളത്തില്‍ നിന്നുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധന; കണ്ടെയ്നര്‍ ക്ഷാമം രൂക്ഷം

കൊച്ചി: കൊവിഡ് വ്യാപനം ലോകമെമ്പാടും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് അന്താരാഷ്ട്ര തലത്തിലുള്ള ചരക്ക് നീക്കം പോലും പ്രതിസന്ധിയില്‍ ആയിരുന്നു. ഇത് കയറ്റുമതിയേയും ഇറക്കുമതിയേയും എല്ലാം വലിയ തോതില്‍ ബാധിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ള കയറ്റുമതിയില്‍ ഈ വര്‍ഷം വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇറക്കുമതി താഴോട്ടാണ്. ഷിപ്പിങ് മേഖലയിലെ കണ്ടെയ്നര്‍ ക്ഷാമമാണ് കേരളം ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

കേരളത്തില്‍ കയറ്റുമതിയുടെ പ്രധാന ഹബ്ബ് എന്ന് പറയുന്നത് കൊച്ചി തന്നെയാണ്. കൊച്ചി തുറമുഖം വഴിയാണ് കണ്ടെയ്നര്‍ നീക്കം ഏറ്റവും സജീവമായി നടക്കുന്നത്. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി കൊച്ചി തുറമുഖം വഴി 22,202 കണ്ടെയ്നറുകളാണ് കയറ്റുമതി ചെയ്തത് എന്നാണ് കണക്ക്. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി ചെയ്തത് 19,915 കണ്ടെയ്നറുകള്‍ ആയിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതിയിലെ വര്‍ദ്ധന 11.48 ശതമാനമാണ്. സെപ്തംബറില്‍ 12,467 കണ്‍െയ്നറുകള്‍ കയറ്റി അയച്ചു. ഒക്ടോബറില്‍ അത് 9,735 ആയി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ കണക്കുകള്‍ അത്ര ശുഭകരമാണെന്ന് കരുതേണ്ട. ഈ വര്‍ഷത്തെ തന്നെ മുന്‍ മാസങ്ങളെ അപേക്ഷിച്ച് അവസാന രണ്ട് മാസത്തില്‍ കയറ്റുമതി കുറഞ്ഞിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അന്താരാഷ്ട്ര തലത്തില്‍ കണ്ടെയ്നര്‍ ലഭ്യത കുറഞ്ഞതാണ് ഇതിന് വഴിവച്ചത്.

കയറ്റുമതിയില്‍ നേട്ടമുണ്ടാക്കുമ്പോള്‍ തന്നെ ഇറക്കുമതിയില്‍ വലിയ തോതില്‍ കുറവും വന്നിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇറക്കുമതിയുടെ കുറവ്, കയറ്റുമതിയേയും ബാധിക്കും. കയറ്റുമതിയ്ക്കായി കാലി കണ്ടെയ്നറുകള്‍ എത്തിക്കാന്‍ ഷിപ്പിങ് കമ്പനികള്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല എന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

കേരളത്തില്‍ നിന്ന് ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെട്ടിരുന്നത് സമുദ്രോത്പന്നങ്ങള്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം സമുദ്രോത്പന്ന കയറ്റുമതിയില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. കണ്ടെയ്നര്‍ ക്ഷാമവും ഇതിന് ഒരു കാരണമാണ്. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെട്ടത് കയര്‍ ഉത്പന്നങ്ങള്‍ ആണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുയ 1,933 കണ്ടെയ്നറുകളിലാണ് കയര്‍ ഉത്പന്നങ്ങള്‍ കടല്‍ കടന്നത്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളാണ് കയറ്റുമതിയില്‍ മൂന്നാമത്. തൊട്ടുപിറകിലാണ് തുണിത്തരങ്ങളുടെ സ്ഥാനം.

Author

Related Articles