News

പാചക എണ്ണയുടെ ഉപഭോഗം വര്‍ധിച്ചു; ലോക്ക്ഡൗണില്‍ സസ്യ എണ്ണകളുടെ റീട്ടെയില്‍ വില്‍പ്പനയേറി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പാചകം വര്‍ദ്ധിച്ചതിനാല്‍ സസ്യ എണ്ണകളുടെ റീട്ടെയില്‍ വില്‍പ്പന ഏറി. അതേസമയം ഹോട്ടലുകള്‍, ബേക്കറികള്‍, കാറ്ററിംഗ് ഏജന്‍സികള്‍ തുടങ്ങിയ വന്‍കിട ഉപഭോക്താക്കളില്‍ നിന്നുള്ള ആവശ്യം ദുര്‍ബലമായി തുടരുന്നതിന്റെ ആശങ്ക മാറുന്നില്ലെന്ന് ഇന്ത്യന്‍ വെജിറ്റബിള്‍ ഓയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

മൊത്തമായുള്ള പാചക എണ്ണ വ്യാപാരം ഈ വര്‍ഷം 30-35 ശതമാനമെങ്കിലും കുറയുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സുധാകര്‍ ദേശായി പറഞ്ഞു. വീടുകളിലേക്കുള്ള വില്‍പ്പന ഇനിയും ഉയര്‍ന്നേക്കാം. റെസ്റ്റോറന്റും ഹോട്ടലുകളും അടച്ചതോടെ ഉപയോക്താക്കള്‍ വീട്ടില്‍ പാചകം ചെയ്യുകയും മുമ്പത്തേതിലും കൂടുതല്‍ എണ്ണ ശേഖരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്ക്ഡൗണ്‍ വന്നശേഷം കഴിഞ്ഞ മാസം ഗാര്‍ഹിക ഉപഭോഗം 10-15 ശതമാനം വര്‍ദ്ധിച്ചതായി അദാനി വില്‍മാറിലെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അങ്ഷു മല്ലിക് പറഞ്ഞു. പച്ച, ഓറഞ്ച് മേഖലകളില്‍ നിയന്ത്രണ ഇളവുകള്‍ വരുന്നതോടെ മെയ് 15 നകം വിതരണവും വില്‍പ്പനയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പായ്ക്ക് ചെയ്ത എണ്ണയുടെ വില്‍പ്പന രാജ്യത്ത് കഴിഞ്ഞ മാസം 1.2 ദശലക്ഷം ടണ്ണായിരുന്നു, അതില്‍ 60 ശതമാനവും വീടുകള്‍ക്കാണു വിറ്റത്. ബാക്കി 40 ശതമാനം മാത്രമായിരുന്നു വന്‍കിട വാങ്ങലുകള്‍. ഈ കാലയളവില്‍ മൊത്ത വില്‍പ്പന പകുതിയായി കുറഞ്ഞെന്ന് മല്ലിക് പറഞ്ഞു.  ബേക്കറി മേഖലയില്‍ 40 ശതമാനം ഓര്‍ഡറുകള്‍ പുനഃസ്ഥാപിച്ച് കഴിഞ്ഞു. ഫാക്ടറികളും കമ്പനികളും തുറന്നുകഴിഞ്ഞാല്‍ സ്ഥാപനങ്ങളിലേക്കുള്ള വില്‍പ്പന വീണ്ടും ആരംഭിക്കാനാകുമെന്നും മല്ലിക് പ്രതീക്ഷ പ്രകടിപ്പിച്ചു.

Author

Related Articles