News

കോവിഡ് പ്രതിസന്ധി: 9,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധിയ്ക്കിടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 10 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ഇതുവഴി 9,000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിവരം. വൈറസ് വ്യാപനം തടയുന്നതിനായി ആഗോള അടച്ചുപൂട്ടലിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.

രണ്ടാഴ്ചയ്ക്ക് ശേഷം പരിമിതമായ സര്‍വ്വീസുകള്‍ പുനരാരംഭിക്കാനും ഓഗസ്റ്റ് പകുതിയോടെ 58 നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്താനുമാണ് കമ്പനി പദ്ധതിയിടുന്നത്. എന്നിരുന്നാലും, പ്രവര്‍ത്തനങ്ങള്‍ ഒരു പരിധി വരെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് നാല് വര്‍ഷം വരെ സമയം എടുക്കുമെന്ന് പ്രസിഡന്റ് ടിം ക്ലാര്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. കൂടാതെ എയര്‍ലൈന്‍ കണക്കുകള്‍ വെളിപ്പെടുത്താതെ തന്നെ പലതവണ പിരിച്ചുവിടലുകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.

പ്രതിസന്ധി നേരിടുന്നതിനുമുമ്പ്, എമിറേറ്റ്സില്‍ 4,300 പൈലറ്റുമാരും 22,000 കാബിന്‍ ക്രൂവുമടക്കം 60,000 ഓളം ഉദ്യോഗസ്ഥരെ നിയമിച്ചതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ലൈന്‍സ് ഇതിനകം തന്നെ പത്ത് ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ചിട്ടുണ്ടെന്നും കുറച്ച് പേരെ കൂടി വിട്ടയയ്ക്കേണ്ടി വരുമെന്നും മിക്കവാറും 15 ശതമാനം വരെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ക്ലാര്‍ക്ക് പറഞ്ഞു.

മഹാമാരി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം 84 ബില്യണ്‍ ഡോളറിന്റെ മൊത്തം നഷ്ടം വിമാനക്കമ്പനികള്‍ക്ക് നേരിടേണ്ടി വരുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) അറിയിച്ചു. എമിറേറ്റ്‌സിന്റെ സ്ഥിതി മോശമായിരുന്നില്ലെന്ന് ക്ലാര്‍ക്ക് വ്യക്തമാക്കി. മാര്‍ച്ചില്‍ ദുബായ് ആസ്ഥാനമായുള്ള എയര്‍ലൈന്‍ വാര്‍ഷിക ലാഭത്തില്‍ 21 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

Author

Related Articles