News

അവശ്യ സേവനങ്ങൾ പുനരാരംഭിച്ച് ഫ്ലിപ്കാർട്ട്; ഒപ്പം ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ് എന്നിവയും; അവശ്യ സേവനമായിട്ടും തടസ്സങ്ങൾ നേരിട്ടത്തിനെത്തുടർന്ന് നിർത്തി വച്ച ഇ-കൊമേഴ്സ് സേവനങ്ങൾ മടങ്ങി വരുന്നു; ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പ്രതിജ്ഞാബദ്ധതയോടെ സേവനം

ന്യൂഡൽഹി: ഇ-കൊമേഴ്സ് സേവനങ്ങൾ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ചില ഭാഗങ്ങളിൽ പുനരാരംഭിച്ചു. മാർച്ച് 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് കാരണം ഇ-കൊമേഴ്‌സ് ഭീമൻമാരായ ഫ്ലിപ്കാർട്ട്, ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ് എന്നിവർ സേവനങ്ങൾ നിർത്തിവച്ചിരുന്നു.

ബുധനാഴ്ച സർവീസ് നിർത്തിവച്ചിരുന്ന ഫ്ലിപ്കാർട്ട് ഇപ്പോൾ പലചരക്ക് പോലുള്ള അവശ്യ സേവനങ്ങൾ പുനരാരംഭിച്ചതായി സിഇഒ കല്യാൺ കൃഷ്ണമൂർത്തി സ്ഥിരീകരിച്ചു. ഡെലിവറി എക്സിക്യൂട്ടീവുകളുടെ സുരക്ഷ നിയമപാലകർ ഉറപ്പാക്കിയതിന് ശേഷമാണ് സേവനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം ലോക്ക്ഡൗൺ സമയത്ത് ഇ-കൊമേഴ്‌സിന്റെ പ്രവർത്തനത്തെക്കുറിച്ച് സർക്കാരും പ്രാദേശിക സംസ്ഥാന അധികാരികളും നൽകിയ വിശദീകരണത്തിന് നന്ദി പറയുകയും ചെയ്തു. ഇന്ത്യ, ഇപ്പോൾ നിങ്ങളെ സേവിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ വിശ്വാസത്തിന് നന്ദി എന്നും കല്യാൺ ട്വീറ്റ് ചെയ്തു.

അവശ്യ സേവനമായി പരി​ഗണിച്ചിട്ടും വിവിധ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകളിൽ നിന്നുള്ള നിരവധി ഡെലിവറി എക്സിക്യൂട്ടീവുകൾ പൊലീസും പ്രാദേശിക ഗുണ്ടകളും തങ്ങളെ മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് ആരോപിച്ചിരുന്നു. ഈ കേസുകൾ പുറത്തുവന്നതിന് ശേഷമാണ് ഡെലിവറി സേവനങ്ങൾ താൽക്കാലികമായി നിർത്താനുള്ള തീരുമാനം കൈക്കൊണ്ടത്. എന്നിരുന്നാലും, ഇപ്പോൾ കാര്യങ്ങൾ വീണ്ടും മെച്ചപ്പെടുന്നുണ്ട്. ഇ-കൊമേഴ്‌സ് ഭീമന്മാർ അവരുടെ പ്രതിജ്ഞാബദ്ധത നിറവേറ്റാൻ ശ്രമിക്കുകയാണ്.

ഇ-കൊമേഴ്‌സ് ഡെലിവറി എക്സിക്യൂട്ടീവുകൾക്ക് ഫ്ലിപ്പ്കാർട്ട്, ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ് തുടങ്ങിയ കമ്പനികൾ തിരിച്ചറിയൽ കാർഡുകൾ നൽകും. ഉപഭോക്താക്കൾ ഓർഡർ ചെയ്ത പലചരക്ക് സാധനങ്ങളും മറ്റ് അവശ്യ ഇനങ്ങളും എത്തിക്കാൻ ലോക്ക്ഡൗൺ സാഹചര്യത്തിൽ ഈ കാർഡ് ആക്സസ് പാസായി ഉപയോ​ഗിച്ച് രാജ്യവ്യാപകമായി കടന്നുപോകാൻ സഹായിക്കുന്നു.

ഇ-കൊമേഴ്‌സ് ഭീമന്മാർക്ക് ഒറ്റരാത്രികൊണ്ട് ഡെലിവറികൾ നടത്താനും 4-5 ദിവസമായി വിതരണം ചെയ്യാത്ത ദശലക്ഷക്കണക്കിന് ഓർഡറുകളുടെ പോരായ്മ പരി​ഹരിക്കാനും ഇത് അനുവദിക്കും. ബിഗ് ബാസ്‌ക്കറ്റ് സേവനങ്ങൾ നൽകുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്തിറക്കി. അഹമ്മദാബാദ്, ബാംഗ്ലൂർ, ഭോപ്പാൽ, കോയമ്പത്തൂർ, ഇൻഡോർ, മുംബൈ, മൈസൂർ, നോയിഡ, സൂററ്റ്, വഡോദര എന്നിവിടങ്ങളിൽ അവർ പ്രവർത്തിക്കുന്നു. എന്നിരുന്നാലും, ഉയർന്ന ആവശ്യം കാരണം അടുത്ത 4-5 ദിവസത്തേക്ക് സേവനങ്ങൾ വളരെ കൃത്യമായിരിക്കില്ല എന്ന് ബിഗ് ബാസ്‌ക്കറ്റ് പ്രസ്താവിച്ചു.

അതേസമയം കുറച്ച് നാളെത്തേക്ക് സേവനം ലഭ്യമാകാത്ത നഗരങ്ങളുടെ പട്ടികയും ബിഗ് ബാസ്‌ക്കറ്റ് പുറത്ത് വിട്ടു. ഗാസിയാബാദ്, ഗുഡ്ഗാവ്, ഹൈദരാബാദ്, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, നാഗ്പൂർ, പട്‌ന, വിജയവാഡ എന്നിവയാണ് അവ. എന്നിരുന്നാലും, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഈ നഗരങ്ങളിലും പ്രവർത്തിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. എന്നാൽ ഉടനെയൊന്നും പ്രവർത്തനം ആരംഭിക്കാൻ സാധ്യതയില്ലാത്ത നഗരങ്ങളുടെ പട്ടികയും ബിഗ് ബാസ്‌ക്കറ്റ് പുറത്തിറക്കി. ചണ്ഡിഗർ, ചെന്നൈ, ഡൽഹി, ലുധിയാന, പൂനെ, വിശാഖ്, കൊച്ചി എന്നിവയാണ് പ്രസ്തുത നഗരങ്ങൾ. ഈ നഗരങ്ങളിൽ സേവനങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് തങ്ങൾക്ക് ഉറപ്പില്ലെന്ന് കമ്പനി അറിയിച്ചു.

തങ്ങളുടെ ഡെലിവറി എക്സിക്യൂട്ടീവുകളെ ബുദ്ധിമുട്ടിക്കാതെ വിതരണം ഉറപ്പാക്കാൻ വേണ്ടി ഫ്ലിപ്പ്കാർട്ട് ബാംഗ്ലൂർ പോലീസുമായി ചർച്ച നടത്തി. ഭക്ഷണം, മരുന്ന്, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ മൃഗ ഉൽ‌പന്ന വിതരണക്കാർ തുടങ്ങിയവരെ ഒരു യോഗത്തിന് വിളിച്ചിട്ടുണ്ടെന്നും പങ്കെടുക്കാൻ പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു ട്വിറ്ററിലൂടെ അറിയിച്ചു.

ബെംഗളൂരു സിറ്റി പോലീസ് എല്ലാ അവശ്യ സേവന ദാതാക്കളോടും വാഹന പാസുകൾ ബെംഗളൂരു നഗരത്തിന്റെ അധികാരപരിധിയിലുള്ള ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ നിന്ന് ശേഖരിക്കാൻ ആവശ്യപ്പെട്ടു. എല്ലാ ഇ-കൊമേഴ്‌സ് റീട്ടെയിലർമാരുടെയും ലോക്ക്ഡൗൺ സമയത്ത് അവശ്യവസ്തുക്കളുടെ വിതരണ ശൃംഖല തടസ്സമില്ലാതെ തുടരുമെന്ന് ഗുരുഗ്രാം പോലീസും ഉറപ്പ് നൽകിയിട്ടുണ്ട്.

അതുപോലെ മറ്റൊരു സൂപ്പർമാർക്കറ്റ് ഭീമനായ ഗ്രോഫേഴ്സും അവ പ്രവർത്തിക്കുന്ന നഗരങ്ങളുടെ പട്ടിക പുറത്തിറക്കി. ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ്, ലഖ്‌നൗ, കാൺപൂർ, ബെംഗളൂരു എന്നിവയാണ് നഗരങ്ങൾ. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈ, കൊൽക്കത്ത, നോയിഡ, ഹൈദരാബാദ്, അഹമ്മദാബാദ് മൊഹാലി, ഗുവാഹത്തി, പാനിപ്പറ്റ്, ദുർഗാപൂർ, വഡോദര, അസൻസോൾ, സോണിപത്, റോഹ്തക്, ഭിവടി, ആഗ്ര, മീററ്റ്, മൊറാദാബാദ്, ഹാപൂർ, മോദിനഗർ, പ്രയാഗ്രാജ് എന്നീ നഗരങ്ങളിലും പ്രവർത്തനം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രോഫേഴ്സ്.

Author

Related Articles