News

ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടാന്‍ സാധ്യത

ന്യൂഡല്‍ഹി: മെയ് 31 വരെ സര്‍ക്കാര്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നീട്ടുന്നതോടെ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) വായ്പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടാന്‍ സാധ്യതയുണ്ടെന്ന് എസ്ബിഐ ഗവേഷണ റിപ്പോര്‍ട്ട്. കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനാണ് രാജ്യത്ത് നാലാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് -19 മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാര്‍ച്ച് 24 ന് 21 ദിവസത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചത്. ഇത് ആദ്യം മെയ് 3 വരെയും വീണ്ടും മെയ് 17 വരെയും നീട്ടിയിരുന്നു.

2020 മാര്‍ച്ച് 1 നും 2020 മെയ് 31 നും ഇടയ്ക്ക് അടയ്‌ക്കേണ്ട വായ്പാ തവണകള്‍ക്കും മൂന്ന് മാസത്തെ മൊറട്ടോറിയം മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് അനുവദിച്ചിരുന്നു. എന്നാല്‍ ലോക്ക്‌ഡൌണ്‍ മെയ് 31 വരെ നീട്ടിയതിനാല്‍ റിസര്‍വ് ബാങ്ക് മൊറട്ടോറിയം മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്ബിഐയുടെ ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 ഓഗസ്റ്റ് 31 വരെ കമ്പനികള്‍ വായ്പാ തവണ തിരികെ നല്‍കേണ്ടി വരില്ലെന്നും മൂന്ന് മാസത്തേക്ക് കൂടി മൊറട്ടോറിയം നീട്ടാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്റ്റംബറില്‍ കമ്പനികള്‍ പലിശ കുടിശ്ശിക തിരിച്ചടയ്‌ക്കേണ്ട സാധ്യതയും വളരെ കുറവാണ്. പലിശ ബാധ്യതകള്‍ തിരിച്ചടയ്ക്കാതിരുന്നാല്‍ വായ്പയെ റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ അനുസരിച്ച് നിഷ്‌ക്രിയ വായ്പയായി തരംതിരിക്കാം. എന്നാല്‍ വായ്പ തിരിച്ചടവ് മുടങ്ങി നിഷ്‌ക്രിയ വായ്പയായി മാറുന്ന കാലാവധി 90 ദിവസത്തില്‍ നിന്ന് ഉയര്‍ത്താനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് മൂന്നിന് ലോക്ക്‌ഡൌണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടയപ്പോഴും ബാങ്ക് വായ്പകളുടെ മൊറട്ടോറിയം 90 ദിവസത്തേക്ക് കൂടി നീട്ടാന്‍ സാധ്യതയുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയിരുന്നില്ല.

റിസര്‍വ് ബാങ്കിന്റെ നിലവിലെ സര്‍ക്കുലര്‍ അനുസരിച്ച്, മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെ പണമടയ്‌ക്കേണ്ട ലോണ്‍ തവണകള്‍ക്കും മൂന്ന് മാസത്തെ മൊറട്ടോറിയം നല്‍കാന്‍ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും അനുമതിയുണ്ട്. വാഹന വായ്പ, ഭവന വായ്പ, പേഴ്സണല്‍ ലോണ്‍, കാര്‍ഷിക വായ്പകള്‍, വിള വായ്പകള്‍ തുടങ്ങി എല്ലാതരം വായ്പകളും ഇതില്‍ ഉള്‍പ്പെടുന്നു. ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്കും മൊറട്ടോറിയം ലഭിക്കും.

Author

Related Articles