News

പാലുല്പാദന മേഖലയ്ക്ക് ആശ്വാസം പകർന്ന് മഹാരാഷ്ട്ര സർക്കാർ; ലിറ്ററിന് 25 രൂപ നിരക്കിൽ പ്രതിദിനം 10 ലക്ഷം ലിറ്റർ പാൽ സർക്കാർ സമാഹരിക്കും; ലോക്ക്ഡൗൺ തളർത്തിയ കർഷകർക്ക് പിന്തുണ

കൊറോണ വൈറസ് ബാധയെത്തുടർന്ന് പ്രതിസന്ധിയിലായ മഹാരാഷ്ട്രയിലെ പാലുല്പാദന മേഖലയ്ക്ക് ആശ്വാസം പകരാൻ ലിറ്ററിന് 25 രൂപ നിരക്കിൽ പ്രതിദിനം 10 ലക്ഷം ലിറ്റർ പാൽ സമാഹരിക്കാനൊരുങ്ങി സർക്കാർ. കോവിഡ് ബാധ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമൊട്ടാകെ അടിച്ചിടുന്നതായി പ്രഖ്യാപിച്ചത്. തുടർന്ന് യാത്രാവിലക്കുകൾ ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ​ഗതാ​ഗത സൗകര്യങ്ങളടക്കമുള്ള പ്രതിസന്ധികളെത്തുടർന്ന്  ഇന്ത്യയിലെ പാലുല്പാദന മേഖല പ്രതിസന്ധിയിലായി. ഈ സമയത്താണ് കർഷകർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനമുണ്ടായത്.

നാലോ അഞ്ചോ ദിവസത്തിനുള്ളിൽ തന്നെ പാൽ ശേഖരണം ആരംഭിക്കുമെന്നും ഇത് രണ്ട് മാസത്തേക്ക് തുടരുമെന്നും ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. ലോക്ക്ഡൗൺ പാൽ മേഖലയെ വല്ലാതെ ബാധിച്ചതായും ഉത്പാദിപ്പിച്ച 12 ലക്ഷം ലിറ്റർ പാലിൽ 10 ലക്ഷം ലിറ്റർ പോലും വിറ്റുപോകാത്ത സാഹചര്യം സംജാതമായി. തുടർന്ന് പാൽ വില വളരെയധികം കുറഞ്ഞതായും കർഷകർ പറയുന്നു. ലിറ്ററിന് വിപണി നിരക്ക് 15 -17 രൂപ വരെ എത്തിയിരുന്നു.

പാൽ സഹകരണ സംഘങ്ങൾ വഴി സംസ്ഥാന സർക്കാർ പത്ത് ലക്ഷം ലിറ്റർ പാൽ ലിറ്ററിന് 25 രൂപ നിരക്കിൽ വാങ്ങും. പാൽപ്പൊടി നിർമ്മിക്കാൻ ഈ സ്റ്റോക്ക് ഉപയോഗിക്കും. അത് ഓൺലൈനിൽ സംഭരിക്കുകയും വിൽക്കുകയും ചെയ്യും. ഇത് സംസ്ഥാന പാൽ സഹകരണ ഫെഡറേഷൻ വഴി നടപ്പാക്കുമെന്നും പവാർ പറഞ്ഞു. 200 കോടി രൂപ ഈ സംരംഭത്തിനായി നീക്കിവച്ചിട്ടുണ്ട്. പാൽ ഉൽപാദകർക്ക് ഈ തീരുമാനത്തിൽ നിന്ന് നേട്ടമുണ്ടാകുമെന്ന് റവന്യൂ മന്ത്രി ബാലസഹേബ് തോറാത്ത് പറഞ്ഞു.

Author

Related Articles