News

മൂവായിരം കോടിയുടെ പ്രതിമയോ പൗരത്വ രജിസ്റ്ററോ അല്ല: രാജ്യത്തിന് ആവശ്യം തൊഴിലില്ലാത്ത യുവാക്കളുടെ രജിസ്റ്ററാണ്: പ്രകാശ് രാജ്

ബെംഗളൂരു: തൊഴിലില്ലാത്ത യുവതയുടെയും വിദ്യാഭ്യാസം ലഭിക്കാത്ത കുഞ്ഞുങ്ങളുടെയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് രാജ്യത്തിന് ആവശ്യമെന്ന് നടന്‍ പ്രകാശ് രാജ്. അല്ലാതെ 3000 കോടിയുടെ പ്രതിമയോ പൗരത്വ രജിസ്റ്ററോ അല്ല. പൗരത്വ നിയമത്തിനും എന്‍ ആര്‍ സിക്കും എതിരായി നടന്ന പ്രക്ഷോഭത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നടപടികള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അക്രമത്തിലേക്ക് കടക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ അക്രമരഹിത പാതയില്‍ പ്രക്ഷോഭത്തെ നയിക്കാന്‍ സമര സംഘാടകര്‍ ശ്രദ്ധിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ മുന്‍നിര്‍ത്തി ഒളിയമ്പെയ്യാനും പ്രകാശ് രാജ് പ്രസംഗത്തില്‍ മടിച്ചില്ല. രാജ്യത്തെ യുവത രാഷ്ട്രീയ തന്ത്രത്തിന്റെ പാഠങ്ങള്‍ പ്രധാനമന്ത്രിയെ പഠിപ്പിക്കണമെന്നും അതില്‍ ബിരുദം നല്‍കണമെന്നുമാണ് പ്രകാശ് രാജ് പറഞ്ഞത്.

ഇപ്പോഴത്തെ എന്‍.ആര്‍.സി, പൗരത്വ നിയമമെല്ലാം തട്ടിപ്പാണ്. ആസാമില്‍ 19 ലക്ഷം പേര്‍ക്ക് പൗരത്വം നിഷേധിച്ചു. കാര്‍ഗില്‍ യുദ്ധ വീരന്റെ പേരും എന്‍.ആര്‍.സിയില്‍ നിന്ന് ഒഴിവാക്കി. കാരണം അയാളൊരു മുസ്ലിം ആയിരുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.

Author

Related Articles