News

കൊവാക്സിനും, കൊവീഷീല്‍ഡിനും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവാക്സിനും, കൊവീഷീല്‍ഡിനും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍. 225 രൂപയാണ് പുതിയ നിരക്ക്. സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന വാക്സിനുകള്‍ക്കാണ് വിലക്കുറവ് നടപ്പിലാക്കിയിരിക്കുന്നത്. ഇന്നലെ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നേരത്തെ, കൊവീഷീല്‍ഡിന്റെ കരുതല്‍ ഡോസിന് 600 രൂപയാണ് വില നിശ്ചയിച്ചിരുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കരുതല്‍ ഡോസ് എടുക്കാനാകും. രണ്ടാമത്തെ ഡോസ് എടുത്ത് ഒന്‍പത് മാസം തികഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാവുന്നതാണ്.

കേന്ദ്ര സര്‍ക്കാരുകളുമായി നടത്തിയ ചര്‍ച്ചകളില്‍ 1,200 രൂപയായിരുന്ന കൊവാക്സിന്‍ സ്വകാര്യ ആശുപത്രികളില്‍ ഇനി മുതല്‍ 225 രൂപയ്ക്ക് ലഭ്യമാക്കുകയാണെന്ന് കൊവാക്സിന്‍ ഉത്പാദകരായ ഭാരത് ബയോട്ടെകിന്റെ സഹസ്ഥാപകനും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ സുചിത്ര എല്ല ട്വീറ്റ് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇതുവരെ ഇന്ത്യയില്‍ 15 വയസ്സിന് മുകളിലുള്ളവരില്‍ 96 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്സിന്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ട്.

Author

Related Articles