News

ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 5.4 ശതമാനം ഇടിയും: എസ്ബിഐ റിപ്പോര്‍ട്ട്

കൊവിഡ് -19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ (എഫ്വൈ 21) ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം (പിസിഐ) 5.4 ശതമാനം ഇടിഞ്ഞ് 1.43 ലക്ഷമായി കുറയും. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 1.52 ലക്ഷം രൂപയില്‍ നിന്നാണ് 1.43 ലക്ഷമായി വരുമാനം കുറയുകയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനകാര്യ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പിസിഐയിലെ ഈ ഇടിവ് നാമമാത്രമായ ജിഡിപിയിലെ 3.8 ശതമാനം ഇടിവിനെക്കാള്‍ കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു. 

ദില്ലി, ചണ്ഡിഗഡ്, ഗുജറാത്ത് എന്നിവയാകും പ്രതിശീര്‍ഷ വരുമാനത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തുന്ന മേഖലകള്‍. നടപ്പ് സാമ്പത്തിക വര്‍ഷം യഥാക്രമം ഈ മേഖലകളില്‍ പിസിഐയില്‍ 15.4 ശതമാനം, 13.9 ശതമാനം, 11.6 ശതമാനം എന്ന രീതിയില്‍ ഇടിവ് രേഖപ്പെടുത്തും. സ്‌പെക്ട്രത്തിന്റെ മറ്റേ അറ്റത്ത് അരുണാചല്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍ എന്നിവയായിരിക്കും ഈ കാലയളവില്‍ പിസിഐയുടെ കാര്യത്തില്‍ ഏറ്റവും കുറഞ്ഞ ഇടിവിന് സാക്ഷ്യം വഹിക്കുന്ന മേഖലകള്‍.

'അഖിലേന്ത്യാ തലത്തില്‍ പിസിഐ 5.4 ശതമാനം ഇടിഞ്ഞ് 1.43 ലക്ഷമായി കുറയും എന്നാണ് ഞങ്ങളുടെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പിസിഐയിലെ ഈ ഇടിവ് നോമിനല്‍ ജിഡിപിയുടെ 3.8 ശതമാനം ഇടിവിനെക്കാള്‍ കൂടുതലായിരിക്കും. ആഗോളതലത്തിലും 2020 ല്‍ പ്രതിശീര്‍ഷ ജിഡിപിയുടെ 6.2 ശതമാനത്തിന്റെ ഇടിവ് ആഗോള ജിഡിപിയുടെ 5.2 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്, ' സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ ഡോ. സൗമ്യ കാന്തി ഘോഷ് എഴുതി.

സമ്പന്ന സംസ്ഥാനങ്ങളെയാണ് (പ്രതിശീര്‍ഷ വരുമാനം അഖിലേന്ത്യാ ശരാശരിയേക്കാള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍) പിസിഐയിലെ തളര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉദാഹരണത്തിന്, ഡല്‍ഹിയിലും ചണ്ഡിഗഡിലും പിസിഐയുടെ ഇടിവ് അഖിലേന്ത്യാ തലത്തിലുള്ള ഇടിവിനെക്കാള്‍ മൂന്നിരട്ടിയായിരുക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Author

Related Articles