News

വര്‍ധിച്ച ഉല്‍പാദനച്ചെലവിനൊപ്പം കോവിഡും; നടുവൊടിഞ്ഞ് ക്ഷീരകര്‍ഷകര്‍

കൊച്ചി: ഉല്‍പാദനച്ചെലവിലെ വര്‍ധന ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്കൊപ്പം കോവിഡ് വ്യാപനവും വന്നതോടെ നടുവൊടിഞ്ഞു സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍. കോവിഡ് മൂലം ജോലി നഷ്ടമായി നാട്ടിലെത്തി ഫാം തുടങ്ങിയ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. സംസ്ഥാനത്ത് 8 ലക്ഷത്തോളം കുടുംബങ്ങളിലായി 25 ലക്ഷത്തിലധികം പേരാണു ക്ഷീരമേഖലയെ ആശ്രയിച്ചു കഴിയുന്നത്. 2016-2017ല്‍ മില്‍മ നിയോഗിച്ച എന്‍.ആര്‍.ഉണ്ണിത്താന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു ലീറ്റര്‍ പാലിന്റെ ഉല്‍പാദനച്ചെലവ് 42.67 രൂപ എന്നാണു കണക്കാക്കിയത്.

എന്നാല്‍ പാലിന്റെ ഗുണമേന്മ നോക്കിയുള്ള വില്‍പനയില്‍ കര്‍ഷകര്‍ക്ക് ഇപ്പോഴും ലഭിക്കുന്നതു ശരാശരി 3839 രൂപയാണ്. സ്വന്തമായി അധ്വാനിക്കുന്നതിന്റെ ചെലവു കണക്കാക്കുന്നതു കൊണ്ടും സംഘങ്ങളില്‍ നല്‍കിയാല്‍ കൃത്യമായി വില ലഭിക്കുന്നതു കൊണ്ടുമാണു പലരും ഈ മേഖലയില്‍ പിടിച്ചു നില്‍ക്കുന്നത്. പാലിന്റെ ഉല്‍പാദനച്ചെലവ് കൂടുന്നതു ചെറുകിട കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. കാലിത്തീറ്റ, പച്ചപ്പുല്ല് തുടങ്ങിയവയുടെ വിലയും പശുക്കളുടെ ചികിത്സാ ചെലവും വര്‍ധിച്ചു. കുളമ്പുരോഗം, വൈറസ് രോഗം തുടങ്ങിയവ കൂടുതലായി. കറവയില്ലാത്ത സമയത്തു വരുമാനമില്ലെങ്കിലും നല്ല പരിചരണം വേണം. പൂര്‍ണസമയ ശ്രദ്ധ ആവശ്യമായതിനാല്‍ പശുക്കളെ ഉപേക്ഷിച്ച് മറ്റു ജോലിക്കു പോകാന്‍ കഴിയില്ല.

ക്ഷീരസംഘങ്ങള്‍ക്കു നല്‍കുന്ന പാലില്‍ ബാക്കി വരുന്നതു പ്രാദേശിക വിപണിയില്‍ വില്‍പന നടത്തിയാല്‍  കുറച്ചുകൂടി വില ലഭിക്കുമെന്നു കരുതിയ കര്‍ഷകരാണു ലോക്ഡൗണില്‍ വലിയ നഷ്ടം നേരിടുന്നത്. വീടുകളിലേക്കും ഹോട്ടലുകളിലേക്കുമുള്ള വിതരണം നിലച്ചു. കൂടുതല്‍ പാല്‍ സൂക്ഷിക്കാനുള്ള സൗകര്യമില്ല. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കും വിപണിയില്ല. പാല്‍ ധാരാളം എത്താന്‍ തുടങ്ങിയതോടെ ചിലയിടത്തു പരിധി നിശ്ചയിച്ചതിനാല്‍ സംഘങ്ങള്‍ക്കും അധികമായി ഉല്‍പാദിപ്പിക്കുന്ന പാല്‍ എടുക്കാന്‍ കഴിയില്ല. കാലിത്തീറ്റ ഉള്‍പ്പെടെയുള്ളവയുടെ വില കുറയ്ക്കുകയും ഉല്‍പാദക ബോണസ്, സബ്‌സിഡി എന്നീ വഴികളിലൂടെ കര്‍ഷകര്‍ക്കു കൂടുതല്‍ സഹായം ഉറപ്പുവരുത്തുകയും വേണമെന്നാണു കര്‍ഷകരുടെ ആവശ്യം. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീരമേഖലയെ ഉള്‍പ്പെടുത്തണമെന്നു കാലങ്ങളായി കേരളം ആവശ്യപ്പെടുന്നതാണ്.

Author

Related Articles