News

ബട്ടര്‍ഫ്ളൈയെ ഏറ്റെടുക്കാന്‍ ക്രോംപ്റ്റണ്‍ ഗ്രീവ്സ്; പിന്നാലെ ഓഹരി വില കുതിച്ചുയരുന്നു

ബട്ടര്‍ഫ്ളൈ ഗാന്ധിമതി അപ്ലയന്‍സസിന്റെ ഭൂരിപക്ഷം ഓഹരികള്‍ വാങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്രോംപ്റ്റണ്‍ ഗ്രീവ്സിന്റെ ഓഹരി വില കുതിച്ചുയരുന്നു. ബുധനാഴ്ച്ച രാവിലെ 5 ശതമാനത്തിലേറെ നേട്ടം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇന്ന് ഓഹരി വിലയില്‍ 21 രൂപ കൂട്ടിച്ചേര്‍ത്ത ക്രോംപ്റ്റണ്‍ ഗ്രീവ്സ് 401 രൂപയിലാണ് ഇടപാടുകള്‍ നടത്തുന്നത്. മറുഭാഗത്ത് ബട്ടര്‍ഫ്ളൈ ഗാന്ധിമതി ഓഹരികള്‍ 0.50 ശതമാനത്തിലേറെ ഉയര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്.

ബട്ടര്‍ഫ്ളൈ ഗാന്ധിമതിയുടെ 55 ശതമാനം ഓഹരികളാണ് 1,380 കോടി രൂപ ചെലവില്‍ ക്രോംപ്റ്റണ്‍ ഗ്രീവ്സ് ഏറ്റെടുക്കുക. ഇതിന് പുറമെ ഓപ്പണ്‍ ഓഫര്‍ വഴി കമ്പനിയുടെ 26 ശതമാനം ഓഹരികള്‍ കൂടി വാങ്ങാന്‍ ക്രോംപ്റ്റണിന് പദ്ധതിയുണ്ട്. 667 കോടി രൂപയാണ് ഇതിനായി ക്രോംപ്റ്റണ്‍ ഗ്രീവ്സ് വകയിരുത്തുക. ധാരണപ്രകാരം 30.4 കോടി രൂപയ്ക്ക് തിരഞ്ഞെടുത്ത ബട്ടര്‍ഫ്ളൈ ട്രേഡ്മാര്‍ക്കുകള്‍ ഉപയോഗിക്കാനും ക്രോംപ്റ്റണ്‍ ഗ്രീവ്സ് അവകാശം നേടും.

'ക്രോംപ്റ്റണ്‍' എന്ന ഒറ്റ ബ്രാന്‍ഡിന് കീഴിലാണ് നാളിതുവരെ ക്രോംപ്റ്റണ്‍ ഗ്രീവ്സ് ബിസിനസ് നടത്തിയത്. ഇപ്പോള്‍ ബട്ടര്‍ഫ്ളൈ ഗാന്ധിമതിയെ ഏറ്റെടുക്കുന്നതോടെ ബിസിനസിലെ അപകടസാധ്യത കുറയ്ക്കാന്‍ കമ്പനിക്ക് കഴിയും. രണ്ടു ശക്തമായ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ വലിയ വളര്‍ച്ചാ സാധ്യതയാണ് ക്രോംപ്റ്റണ്‍ ഗ്രീവ്സ് ലക്ഷ്യം വയ്ക്കുന്നത്. ചെറുകിട ആഭ്യന്തര അപ്ലയന്‍സസ് സെഗ്മന്റിലെ പ്രഥമ സാന്നിധ്യമായി മാറുകയാണ് ക്രോംപ്റ്റണ്‍ ഗ്രീവ്സിന്റെ ലക്ഷ്യം.

നിലവില്‍ 401 രൂപയാണ് ക്രോംപ്റ്റണ്‍ ഗ്രീവ്സിന്റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 1.44 ശതമാനം നേട്ടവും ഒരു മാസം കൊണ്ട് 2.88 ശതമാനം വീഴ്ച്ചയും സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. നടപ്പുവര്‍ഷം ഇതുവരെ 9.23 ശതമാനം വിലയിടിവാണ് കമ്പനി നേരിടുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 512.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 350.35 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 38.96. ഡിവിഡന്റ് യീല്‍ഡ് 1.37 ശതമാനം.

News Desk
Author

Related Articles