News

ക്രിപ്റ്റോ കറന്‍സി വിപണിയില്‍ തകര്‍ച്ച; നിക്ഷേപകര്‍ക്ക് നഷ്ടം ഒരു ലക്ഷം കോടി ഡോളര്‍

കണ്ണടച്ച് തുറക്കും മുമ്പേ ക്രിപ്റ്റോ കറന്‍സി മാര്‍ക്കറ്റില്‍ നിന്ന് അപ്രത്യക്ഷമായത് കോടിക്കണക്കിന് ഡോളര്‍ മൂല്യം. അങ്ങേയറ്റം ചാഞ്ചാട്ടം നടക്കുന്ന വിപണിയാണ് ക്രിപ്റ്റോ കറന്‍സിയുടേത്. ഒരു ലക്ഷം കോടി ഡോളറാണ് ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് കഴിഞ്ഞാഴ്ച നഷ്ടമായത്. ബിറ്റ് കോയ്ന്‍ വില സര്‍വകാല റെക്കോര്‍ഡായ 67,000 ഡോളറില്‍ നിന്ന് 34,000 ഡോളറിലേക്ക് കൂപ്പുകുത്തി. പിന്നീട് അല്‍പ്പമുയര്‍ന്ന് 35,000 ഡോളറിലേക്ക് കയറി.

ഈ മാസം ക്രിപ്റ്റോ കറന്‍സി മാര്‍ക്കറ്റില്‍ ഇനിയും ഇടിവ് പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എഥേറിയം 2500 ഡോളറിന് താഴെയായി. റഷ്യയില്‍ ഇവ നിരോധിക്കുന്നത് അടക്കമുള്ള വിഷയങ്ങളാണ് ക്രിപ്റ്റോ കറന്‍സി വിപണിയെ അസ്വസ്ഥമാക്കുന്നത്. ബ്രിട്ടന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും ക്രിപ്റ്റോ കറന്‍സികളെ നിയന്ത്രിക്കാനുള്ള നീക്കം നടത്തുന്നുണ്ട്.  ഫെഡ് പലിശ നിരക്ക് വര്‍ധന പ്രതീക്ഷിക്കുന്നതും ക്രിപ്റ്റോ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിനിടെ ഡിജിറ്റല്‍ അസറ്റുകള്‍ സൃഷ്ടിക്കുന്ന സാധ്യതകളും വെല്ലുവിളികളും വിലയിരുത്തി അമേരിക്കയിലെ ബൈഡന്‍ ഭരണകൂടം ഇതുസംബന്ധിച്ച പ്രാഥമിക സ്ട്രാറ്റജി തയ്യാറാക്കുന്നതായും സൂചനയുണ്ട്.

Author

Related Articles